എറണാകുളം: ഇളങ്ങവം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ കുരുന്നുകള്‍ നിര്‍മ്മിച്ച ജീവനി എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമായി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം വിഷരഹിത പച്ചക്കറിയിലൂടെ കേരളം സമൃദ്ധിയിലേക്ക് എന്ന കൃഷിവകുപ്പിന്‍റെ പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. സ്‌കൂളിന്‍റെ 58-മത് വാര്‍ഷിക ആഘോഷങ്ങളോടബന്ധിച്ചാണ് നിർമാണം. വാർഷികത്തിന്‍റെ ഭാഗമായി നിർമിക്കുന്ന 12-ാമത് ഷോര്‍ട്ട് ഫിലിം ആണ് ജീവനി. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ഥികളും കുട്ടികളുടെ രക്ഷിതാക്കളും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടറും ജീവനക്കാരും അടക്കമുള്ളവരാണ് അഭിനേതാക്കള്‍. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം വിഷരഹിത പച്ചക്കറിയിലൂടെ കേരളം സമൃദ്ധിയിലേക്ക് എന്ന സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ സന്ദേശം കുട്ടികളിലേയ്ക്കും രക്ഷിതാക്കളിലേയ്ക്കും പൊതുജനങ്ങളിലേയ്ക്കും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സ്‌കൂളിലെ അദ്ധ്യാപകൻ പി അലിയാർ പറഞ്ഞു.
കൊക്കക്കോള സമരം കേരളത്തില്‍ ചൂട് പിടിച്ചിരുന്ന കാലത്താണ് സ്‌കൂളില്‍ ആദ്യത്തെ ഷോട്ട് ഫിലിം ആയ പുഴ തേടിപ്പോയ കുട്ടികള്‍ നിര്‍മ്മിച്ചത്. ഓരോ വര്‍ഷങ്ങളിലും നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ അതാത് കാലത്ത് ഉണ്ടാകുന്ന പ്രധാന സംഭവ വികാസങ്ങളും പത്രവാര്‍ത്തകളില്‍ നിന്നും ശേഖരിക്കുന്ന സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് നിർമിക്കുക. എല്ലാ ചിത്രങ്ങളുടെയും തിരക്കഥയും ചായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചത് സ്‌കൂളിലെ തന്നെ സംസ്‌കൃത അധ്യാപകനായ കെ എസ് സന്തോഷ് കുമാറാണ്.
നേരത്തെ പുറത്തിറക്കിയ സമര്‍പ്പണം എന്ന ചിത്രത്തിന് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച കാമ്പസ് ചലച്ചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. കുട്ടികളുടെ നൈസര്‍ഗ്ഗിക കഴിവുകളെ തല്ലിക്കെടുത്തി പുസ്‌തകപ്പുഴുക്കളാക്കുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമീപനത്തിനെതിരെ വിരല്‍ ചൂണ്ടുന്നതായിരുന്നു ഹ്രസ്വചിത്രം. കഴിഞ്ഞവര്‍ഷം മൂലഭദ്രി ഭാഷയില്‍ നിര്‍മ്മിച്ച ഖുഷു ഋത എന്ന ചിത്രവും ചര്‍ച്ചാവിഷയമായിരുന്നു.