എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക് ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ സർവകക്ഷി യോഗ തീരുമാനങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് വോട്ടണ്ണൽ ദിനത്തിൽ ജനങ്ങൾ വൻതോതിൽ കൂട്ടം കൂടുകയും, വിജയാഹ്ളാദ പ്രകടനം നടത്തുകയും ചെയ്യുന്നത് സ്ഥിതി ഗുരുതരമാക്കും. ഈയൊരു സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങൾ ഒത്തുകൂടുന്നത് തടയണമെന്നായിരുന്നു അഡ്വ. വിനോദ് മാത്യുവിന്‍റെ ഹർജിയിൽ ആവശ്യപ്പെടുന്നത്.
മെയ് ഒന്ന് അർധ രാത്രി മുതൽ രണ്ടാം തീയതി അർധ രാത്രി വരെ ലോക്ക് ഡൗൺ വേണം എന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡോ.എസ്. ഗണപതിയും, ആളുകൾ കൂട്ടം കൂടുന്നത് തടയണം, ആഹ്ളാദ പ്രകടനം വിലക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ടയം സ്വദേശി ശ്രീകുമാറും സമർപ്പിച്ച മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇലക്ഷൻ കമ്മിഷനെയും കേസിൽ കോടതി കക്ഷി ചേർത്തിരുന്നു.