എറണാകുളം: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ അനുപാതം ഹൈക്കോടതി റദ്ദാക്കി. 2015 ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കിയത്.
ALSO READ:കൊവിഡ് കാരണം അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി
നിലവിലെ ജനസംഖ്യയനുസരിച്ച് വിദ്യാഭ്യാസ ക്ഷേമ പദ്ധതികൾ നൽകുന്നതിലെ അനുപാതം നിശ്ചയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കാനും സംസ്ഥാനത്തോട് കോടതി നിർദേശിച്ചു. നിലവിൽ 80 ശതമാനം വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ മുസ്ലിം വിഭാഗത്തിന് ലഭിച്ചിരുന്നത് പുതിയ ഉത്തരവ് നടപ്പാക്കപ്പെടുന്നതോടെ 60 ശതമാനത്തോളമായി കുറയും.
ALSO READ:സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 194 മരണം
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്നതിന്‍റെ ഇരട്ടിയായി ലഭിക്കും. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്‍റെ വിദ്യാഭ്യാസ ഉദ്യോഗ രംഗത്തെ പിന്നോക്കാവസ്ഥ പഠിച്ച സച്ചാർ കമ്മീഷൻ, രാജ്യത്തെ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന സമുദായം മുസ്ലിം വിഭാഗമാണന്ന് കണ്ടെത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ സംസ്ഥാന സർക്കാർ നിശ്ചയിച്ച കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ സ്കോളർഷിപ്പുകൾ എൺപത് ശതമാനം മുസ്ലിം വിഭാഗത്തിനും, ബാക്കി വരുന്നത് ക്രിസ്ത്യൻ വിഭാഗത്തിലെ പിന്നാക്ക വിഭാഗം ഉൾപ്പടെയുള്ളവർക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.