എറണാകുളം: കൊവിഡ് 19 മഹാമാരി നാടാകെ ദുരിതം വിതയ്ക്കുബോള്‍ കേരളത്തിലെ ഫര്‍ണിച്ചര്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ വ്യാപാര മേഖലയായ നെല്ലിക്കുഴിയിലെ വ്യാപാരികളാണ് പ്രതിസന്ധിയിലായത്. ആലുവ - മൂന്നാര്‍ റോഡിന് ഇരുവശവും അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ നൂറു കണക്കിന് ഫർണിച്ചർ വില്പന ശാലകളാണ് നെല്ലിക്കുഴിയില്‍ പ്രവർത്തിക്കുന്നത്.
വാടക ഇനത്തില്‍ വൻ തുക നല്‍കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒരു മാസമായി നഷ്‌ടത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. ഇതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വര്‍ക്ക് ഷോപ്പുകളും നഷ്‌ടത്തിലാണ്. നെല്ലിക്കുഴിയില്‍ നിരവധി ഷോറുമുകള്‍ ഇതിനകം പൂട്ടിക്കഴിഞ്ഞു.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി- വ്യവസായി സമിതി എന്നിവയുടെ സംയുക്ത യോഗം ചേർന്നു. രണ്ട് മാസത്തേക്ക് 50 ശതമാനം വാടക വാങ്ങാന്‍ കെട്ടിട ഉടമകളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഈ മേഖലയില്‍ നിര്‍മാണ ജോലി ചെയ്‌തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും ദുരിതത്തിലാണ്. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവക്ക് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെയാണ് കൊവിഡ് രോഗം വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.