എറണാകുളം: ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ നടപടികള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്രമൃഗസംരക്ഷണ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. എറണാകുളം ജില്ലയിലെ സ്വകാര്യ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളിലെ പന്നികളില്‍ രോഗലക്ഷണമോ മരണമോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കാന്‍ ജില്ലാ മൃഗസംരക്ഷണവകുപ്പ് നിര്‍ദേശം നല്‍കി.
പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ക്കും ജൈവ സുരക്ഷ നടപടികള്‍ക്കുമാണ് പ്രാധാന്യം. നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പന്നിയും പന്നിയിറച്ചിയും മറ്റ് ഉത്‌പന്നങ്ങളും എത്തുന്ന സാഹചര്യത്തില്‍ രോഗം പകരാനുള്ള സാധ്യതയുമുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേരളത്തിലേക്കുള്ള ഇവയുടെ കയറ്റുമതി സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 14 മുതല്‍ 30 ദിവസത്തേക്ക് താത്‌കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പ്രതിരോധ കുത്തിവെപ്പ് ഇല്ലാത്തതിനാല്‍ രോഗം കണ്ടെത്തുന്ന പന്നികളെയും രോഗ ലക്ഷണങ്ങള്‍ ഉള്ളവയെയും കൊല്ലുകയാണ് രോഗം നിയന്ത്രിക്കുന്നതിനുള്ള ഏക മാര്‍ഗം. പന്നി വളര്‍ത്തുന്ന കര്‍ഷകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
also read: ആഫ്രിക്കന്‍ പന്നിപ്പനി: സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം