എറണാകുളം: സാമ്പത്തിക ഉണർവിന് കാരണമാകുന്ന നിർദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് സാമ്പത്തിക വിദഗ്‌ധനായ പ്രൊഫ. ബിജു വിതയത്തിൽ. തോട്ടം മേഖലകളിൽ കേരളത്തിന് അനുകൂലമായി ഉപയോഗിക്കാനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ട്. ബാങ്കുകളുടെ സഹായത്തോടെ പുതിയ പ്ലാന്‍റേഷൻ ആരംഭിക്കാനുള്ള പ്രചോദനം ലഭിക്കും. പുതിയ ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതിന് ഇത് കാരണമാകും. ഈയടുത്തകാലത്തായി കേരളത്തിന് ഏറ്റവും കൂടുതൽ തുക വകയിരുത്തിയ ബജറ്റാണിതെന്നും പ്രൊഫ. ബിജു വിതയത്തിൽ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
ദേശീയപാത വികസനത്തിനായി അനുവദിച്ചത് 6,5000 കോടി രൂപയാണ്. ഇത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. കൊച്ചി തുറുമുഖത്തെ രാജ്യത്തെ 35 സമുദ്ര ഉൽപന്ന കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനും പണം അനുവദിച്ചിട്ടുണ്ട്. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പ്രതിസന്ധി കാലത്ത് സ്വീകരിക്കേണ്ട ശരിയായ നിർദേശങ്ങളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.