എറണാകുളം: വോട്ടുരേഖപ്പെടുത്തലും അതേദിനത്തിലെ മിന്നുകെട്ടും ആവേശമാക്കി വധൂവരന്മാർ. മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശ്ശേരി റോസ്മിക്കുമാണ് വിവാഹദിനത്തിൽ വോട്ടുചെയ്യാനുള്ള സുവര്‍ണാവസരം കൈവന്നത്.
ആദ്യം വധു വോട്ട് രേഖപ്പെടുത്തി നാടിന്‍റെ ഭാവി നിശ്ചയിക്കുന്നതിൽ പങ്കാളിയായി. പിന്നാലെ മിന്നുകെട്ടി, ശേഷം ബൂത്തിലെത്തി വരൻ്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാൽ ബൂത്തിലേക്കും പള്ളിയിലേക്കും ഓടുകയായിരുന്നു മലയാറ്റൂരിലെ വധൂവരന്മാർ.
റോസ്മിക്ക് അരണാട്ടുകര തരകൻസ് സ്കൂളിലായിരുന്നു വോട്ട്. അതിനുശേഷമാണ് ഒരുങ്ങി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്ക് പുറപ്പെട്ടത്. മലയാറ്റൂർ സെൻ്റ് തോമസ് ചർച്ചിലായിരുന്നു വിവാഹം.
11.30 ഓടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. താലികെട്ടിന് ശേഷം ഇരുവരും വീണ്ടും ബൂത്തിലെത്തി. തുടര്‍ന്ന് സെബി വോട്ടുചെയ്തു. കല്യാണമാണെങ്കിലും വോട്ട് കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇരുവരും.