എറണാകുളം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നാളെ(22.07.2022) വരെ നീട്ടി. സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്ന സാഹചര്യത്തിലാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.
അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 18ന് അവസാനിച്ചിരുന്നെങ്കിലും ഹൈക്കോടതി നിർദേശ പ്രകാരം ജൂണ്‍ 21 വരെ സമയം നീട്ടിയിരുന്നു. ഹർജി ഇന്ന്(21.07.2022) ഉച്ചയ്‌ക്ക് 12 മണിക്ക് വീണ്ടും പരിഗണിച്ച കോടതി അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നല്‍കുകയായിരുന്നു. നാളെ മൂന്ന് മണിക്ക് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.
അതുവരെ വിദ്യാർഥികൾക്ക് പ്ലസ് വണ്ണിനുള്ള അപേക്ഷ സമർപ്പിക്കാം. ഫലപ്രഖ്യാപനം എന്ന് നടത്തുമെന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ നാളെ കോടതിയിൽ നിലപാട് അറിയിക്കും. അതേസമയം പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം ഇനിയും നീട്ടി നൽകാനാവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.
കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനം നീളുകയാണെന്നാണ് സർക്കാർ വാദം. സി.ബി.എസ്.ഇ വിദ്യാർഥികളെ കൂടി പരിഗണിച്ചാകും പ്ലസ് വൺ പ്രവേശനം എന്നായിരുന്നു സർക്കാരിന്‍റെ മുൻ നിലപാട്.
also read: പ്ലസ്‌വണ്‍ പ്രവേശനം: സി.ബി.എസ്.ഇ ഫലം വൈകുന്നു, അപേക്ഷ തീയതി നീട്ടാന്‍ സാധ്യത