എറണാകുളം: കോതമംഗലത്തിന്‍റെ സ്വപ്‌ന പദ്ധതിയായ തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്‍റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു. തങ്കളം ലോറി സ്റ്റാന്‍റിൽ വച്ച് നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. 2019 - 20 സംസ്ഥാന ബജറ്റിൽ 14.5 കോടി രൂപയാണ് ബൈപാസ് നിർമ്മാണത്തിന് വേണ്ടി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന പാതയായ ആലുവ- മൂന്നാർ റോഡിൽ തങ്കളം ലോറി സ്റ്റാന്‍റിൽ നിന്നും ആരംഭിച്ച് കൊച്ചി - മധുര - ധനുഷ് കോടി ദേശീയപാതയിലെ കോഴിപ്പിള്ളി ജംഗ്ഷനിൽ അവാസാനിക്കുന്ന ബൈപ്പാസ് റോഡിന്‍റെ ദൂരം മൂന്ന് കിലോമീറ്ററാണ്. 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 7.5 മീറ്റർ വീതിയിൽ ആധുനിക ബിഎംബിസി നിലവാരത്തിലാണ് ബൈപാസ് നിർമ്മിക്കുന്നത്.
അതോടൊപ്പം ബൈപ്പാസ് റോഡിന് സംരക്ഷണ ഭിത്തികളും,കാനകളും, കലുങ്കുകളും നിർമ്മിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതും നഗരത്തിന്‍റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതുമായ ബൈപാസ് റോഡ് ഏ യാഥാർത്ഥ്യമാക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആൻ്റണി ജോൺ എംഎൽഎ പറഞ്ഞു.