എറണാകുളം: പന്തീരാങ്കാവ് യുഎപിഎ കേസിൽ രണ്ടാം പ്രതി താഹാ ഫസൽ കൊച്ചി എൻഐഎ കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി തിങ്കളാഴ്ച താഹയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഉടൻ കീഴടങ്ങാനും ഹൈകോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് അഭിഭാഷകനോടൊപ്പമെത്തി താഹ കോടതിയിൽ കീഴടങ്ങിയത്. കേസിൽ താഹയുടെ പങ്കും വസതിയിൽ നിന്ന് പരിശോധനയിൽ പിടിച്ചെടുത്ത തെളിവുകളും കണക്കിലെടുത്താണ് കോടതി ജാമ്യം റദ്ദാക്കിയത്.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് താഹ പറഞ്ഞു. കോടതി ജാമ്യം റദ്ദാക്കുമെന്ന് കരുതിയിരുന്നില്ല. ഹൈക്കോടതി എന്താണ് തനിക്കെതിരെ കണ്ടെത്തിയ തെളിവുകൾ എന്ന് അറിയില്ല. യുഎപിഎ നിയമത്തിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും താഹാ ഫസൽ പറഞ്ഞു.
ഒന്നാം പ്രതി അലൻ ഷുഹൈബിന്‍റെ പ്രായം, പിടിച്ചെടുത്ത രേഖകൾ, ചികിൽസയിലാണന്ന വാദം എന്നിവ പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ആവശ്യം ഹൈകോടതി തള്ളിയിരുന്നു. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രധാന നിർദേശവും കോടതി അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്.
പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റാലയ പ്രതികൾക്ക് പത്ത് മാസത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇതിനെതിരെ പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട് ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.