എറണാകുളം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള പരാതിക്കാരിയുടെ കത്ത് പുറത്ത് വരണമെന്ന് ആഗ്രഹിച്ചത് യുഡിഎഫിലെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാരെന്ന ആരോപണമുന്നയിച്ച് ദല്ലാൾ നന്ദകുമാർ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാർ (Disclosures In Solar Case). സോളാർ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നതിനെ തുടർന്ന് തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ കൊച്ചിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിലെ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ താനുമായി ഇടനിലക്കാർ വഴി ആശയവിനിമയം നടത്തിയിരുന്നു. ഈ വിഷയം ഏറ്റെടുക്കാൻ അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ മാത്രമേ തയ്യാറാവുകയുള്ളൂവെന്ന് ഇവർ വിശ്വസിച്ചിരുന്നു. ഇവർ രണ്ട് പേർക്കും മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതേ സമയം അനാവശ്യമായി തനിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഉമ്മൻ ചാണ്ടിക്കെതിരായ വിഷയം ലഭിച്ചപ്പോൾ താൻ ഉപയോഗിക്കുകയായിരുന്നു.
കേരളത്തിൽ ഇടത് മുന്നണി ഭരണത്തില്‍ വരണമെന്ന് ആഗ്രഹിച്ചതിനാൽ കൂടിയാണ് ഈ കത്ത് അന്ന് ഒരു മുഖ്യധാരാ ചാനലിന് നൽകിയത്. ഈ കത്തിന്‍റെ ആധികാരികത പരിശോധിച്ച ശേഷമേ പുറത്ത് വിടാൻ പാടുള്ളൂവെന്നും അവരോട് താൻ ആവശ്യപ്പെട്ടതായും ടി.ജി. നന്ദകുമാർ വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവരുടെ പേരുള്ള സോളാർ വിവാദ നായികയായ പരാതിക്കാരിയുടെ കത്തിനെ കുറിച്ച് സംസാരിച്ചപ്പോൾ വി എസ് അച്യുതാന്ദൻ സ്‌തംഭിച്ചു പോയി. ഇത് ശരിയാണങ്കിൽ അത് പുറത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനെ കണ്ടും താൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. അദ്ദേഹവും കത്ത് പുറത്ത് വരുന്നതിന് അനുകൂലമായാണ് പ്രതികരിച്ചതെന്നും ടി.ജി നന്ദകുമാർ വെളിപ്പെടുത്തി.
ശരണ്യ മനോജിനെ വിളിച്ചാണ് താൻ കത്ത് സംഘടിപ്പിച്ചത്. ഇരുപത്തിയഞ്ച് പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേജ് ഉണ്ടായിരുന്നു. ഈ കത്ത് അന്നത്തെ പ്രതിപക്ഷ നേതാവിനെ കാണിക്കുകയും അദ്ദേഹം അത് പൂർണ്ണമായി വായിക്കുകയും ചെയ്‌തിട്ടുണ്ട്. പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാൻ താൻ അവസരമുണ്ടാക്കിയിട്ടില്ല. 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം താൻ കണ്ടിട്ടില്ല. അതിനു മുമ്പ് നാല് തവണ പിണറായിയെ കണ്ട് സംസാരിച്ചിരുന്നു. പാർട്ടി ഓഫിസിൽ വച്ച് പിണറായി വിജയനെ കണ്ടിട്ടില്ല, എ കെ ജി സെന്‍ററിലെ അദ്ദേഹത്തിന്‍റെ ഫ്ലാറ്റില്‍ വെച്ചാണ് കണ്ടത്.
ലാവ്ലിൻ കേസിൽ താൻ പിണറായിക്കെതിരെ പ്രവർത്തിച്ചതായി അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ തനിക്ക് ഈ കേസിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹത്തെ ബോധ്യപെടുത്തിയിട്ടുണ്ട്. ലാവ്ലിൻ കേസിൽ താൻ പിണറായിക്ക് വേണ്ടി ഇടപെട്ടുവെന്ന ആരോപണവും നന്ദകുമാർ നിഷേധിച്ചു. കേരള ഹൗസിൽ നിന്നും തന്നെ ഇറക്കി വിട്ടുവെന്ന പിണറായി വിജയന്‍റെ പ്രസ്‌താവനയും അദ്ദേഹം തള്ളി കളഞ്ഞു. കേരള ഹൗസിൽ വി.എസ്.അച്യുതാനന്ദന്‍റെ മുറിയെന്ന് കരുതി പിണറായി വിജയന്‍റെ മുറിയിൽ പോയപ്പോൾ താൻ എന്താണ് കളിക്കുന്നതെന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്നു. അല്ലാതെ തന്നെ ഇറക്കി വിട്ടിട്ടില്ലെന്നും നന്ദകുമാർ വിശദീകരിച്ചു.
ബെന്നി ബെഹനാനും തമ്പാനൂർ രവിയും പരാതിക്കാരിയുടെ അമ്മയുടെ ചികിത്സയ്ക്ക് പണം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്ന് തന്നോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് പല ഘട്ടങ്ങളിലായി താൻ അവർക്ക് ഒന്നേകാൽ ലക്ഷം രൂപ നൽകിയിരുന്നതായും നന്ദകുമാർ പറഞ്ഞു. എ സി ജെ എം കോടതിയിൽ സമർപ്പിക്കാൻ പോകുന്ന കത്താണിതെന്ന് ഇര തന്നോട് പറഞ്ഞിരുന്നു. അതിനാൽ തന്നെ ഈ കത്ത് സത്യസന്ധമാണെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്.
കത്ത് പുറത്ത് വിട്ടതിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ല. ഇടതുമുന്നണിയിലെ നേതാക്കളാരും കത്ത് പുറത്ത് വിടാൻ സമ്മർദം ചെലുത്തിയിട്ടില്ല. ഗണേഷ് കുമാർ എന്നും എന്നെ ശത്രു ആയാണ് കാണുന്നത്. ഇ.പി. ജയരാജനുമായി ഈ വിഷയം സംസാരിച്ചിട്ടില്ല. സോളാർ കേസുമായി ബന്ധപ്പെട്ട കത്ത് പുറത്ത് വന്നത് ഇടതുമുന്നണിക്ക് തെരെഞ്ഞെടുപ്പിൽ സഹായകമായെന്നും നന്ദകുമാർ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിക്കെതിരായ കത്ത് പുറത്ത് വിടാൻ താൻ വഴി ശ്രമം നടത്തിയ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാരുടെ പേര് പറയാൻ നന്ദകുമാർ തയ്യാറായില്ല.