എറണാകുളം: മതനിന്ദ ആരോപിച്ച് അധ്യാപകനായ ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിചാരണ അടുത്ത വർഷം ഏപ്രിൽ 16ന് തുടങ്ങും. രണ്ടാം ഘട്ട വിചാരണയിൽ ഉൾപ്പെട്ട 11 പ്രതികളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളാണ് വിചാരണ നേരിടുന്നത്. പ്രതികൾ നിരവധി കേന്ദ്രങ്ങളിൽ ഗൂഢാലോചന നടത്തിയാണ് കുറ്റകൃത്യം നടപ്പിലാക്കിയത്. മതനിന്ദ നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സജിൽ, മുഖ്യ ആസൂത്രകൻ എം.കെ. നാസര്‍, എന്നിവരടക്കമുള്ള 11 പ്രതികൾക്കെതിരായ വിചാരണ നടപടികളാണ് തുടങ്ങിയത്. ജനുവരി അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുന്ന കോടതി വിചാരണ നടപടികളുടെ സമയക്രമം അന്ന് തീരുമാനിക്കും.
എസ്‌ഡിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന മൊയ്‌തീൻ കുഞ്ഞ്, പോപ്പുലർ ഫ്രണ്ട് ആലുവ ഡിവിഷൻ പ്രസിഡൻ്റായിരുന്ന അയ്യൂബ്, എന്നിവരും രണ്ടാം ഘട്ട പ്രതിപ്പട്ടികയിലുണ്ട്. ഗുഢാലോചന, ആയുധം കൊണ്ട് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആക്രമിക്കുക, മതസ്‌പർധ വളർത്തൽ, തീവ്രവാദ ഗ്രൂപ്പിൽ അംഗത്വം തുടങ്ങിയ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് മുഴുവൻ പ്രതികൾക്കുമെതിരെയുള്ളത്. കേസിലെ ഒന്നാം പ്രതിയായ സവാദിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കെതിരെ വിചാരണ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾ കൃത്യത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നതായാണ് നിഗമനം. കേസിലാകെ 306 സാക്ഷികളാണുള്ളത്. 963 രേഖകളാണ് തെളിവുകളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2010 ജൂലൈ നാലിനാണ് മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്. വിചാരണ പൂർത്തിയാക്കിയ 13 പ്രതികളെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.