എറണാകുളം: കൊവിഡ് കാലത്ത് വേറിട്ട മാതൃകയുമായി കേരള മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കൊച്ചി യൂണിറ്റ്. കര്‍ഷകര്‍ക്ക് കൈതാങ്ങായും വാക്സിന്‍ ചലഞ്ചിലേക്ക് പണം കണ്ടെത്തുന്നതിനായി യൂണിയന്‍ കപ്പ- പൈനാപ്പിള്‍ ചലഞ്ച് സംഘടിപ്പിച്ചു. ചലച്ചിത്ര താരം വിനയ് ഫോര്‍ട്ടിൽ നിന്നും നഗരസഭ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. റെനീഷ് കപ്പയും പൈനാപ്പിളും ഏറ്റുവാങ്ങിയാണ് ചലഞ്ച് ഉദ്ഘാടനം ചെയ്‌തത്. നിലവിലെ കൊവിഡ് സാഹചര്യം അതിജീവിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന സന്ദേശമാണ് ഇത്തരം പ്രവർത്തനങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ വീട്ടുകാർക്ക് കൊവിഡ് ബാധിച്ച വേളയിൽ മൂന്ന് നേരം ഭക്ഷണമെത്തിച്ചത് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് മഹാമാരിയുടെ കാലത്ത് കൂടെ നിൽക്കുന്ന ഭരണകർത്താക്കൾ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരില്‍ നിന്നും വിളകള്‍ പണം നല്‍കി നേരിട്ട് സംഭരിക്കുകയും ഇവ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതുമായിരുന്നു ചലഞ്ച്. ഒന്നര ടണ്‍ കപ്പ കോലഞ്ചേരിയില്‍ നിന്നും 1000 പൈനാപ്പിള്‍ മുളന്തുരുത്തിയില്‍ നിന്നുമാണ് സംഭരിച്ച് വിപണനം നടത്തിയത്. കൊച്ചി കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസ് പരിസരത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം കപ്പയും പൈനാപ്പിളും വാങ്ങുന്നതിനുളള സൗകര്യമൊരുക്കിയിരുന്നു. ഉത്പന്നത്തിന്‍റെ വില വാങ്ങുന്നയാളുടെ ഇഷ്ടാനുസരണം പ്രത്യേകം തയ്യാറാക്കിയിരുന്ന ബോക്സില്‍ നിക്ഷേപിക്കാനായിരുന്നു നിർദേശിച്ചിരുന്നത്.