എറണാകുളം: സിറോ മലബാർ സഭയിലെ കുർബാന പരിഷ്കരണ വിവാദം പുതിയ തലത്തിലേക്ക്. എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്ന് മെട്രോ പൊളിറ്റൻ വികാരി ആന്‍റണി കരിയിൽ അറിയിച്ചു. വത്തിക്കാനിൽ മാർപ്പാപ്പയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ജനാഭിമുഖ കുർബാന തുടരാൻ തീരുമാനിച്ചത്.
Uniform Mass controversy: സിറോ മലബാർ സഭയുടെ കുർബാന ഏകീകരണമെന്ന തീരുമാനത്തിനെതിരെ വൈദികരും വിശ്വാസികളും ഉയർത്തിയ എതിർപ്പ് മാർപ്പാപ്പയെ അറിയിച്ചു. എന്നാൽ സഭ നിയമനുസരിച്ച് അതിരൂപത മെത്രാൻമാർക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാമെന്നാണ് വത്തിക്കാൻ അറിയിച്ചത്. ഈയൊരു സാഹചര്യത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്നായിരുന്നു ആന്‍റണി കരിയിൽ സർക്കുലർ ഇറക്കിയത്.
എന്നാൽ ഇതിന് തൊട്ടുപിന്നാലെ ഈ തീരുമാനത്തെ തള്ളി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രംഗത്തെത്തി. വത്തിക്കാനിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു നിർദേശവും ലഭിച്ചിട്ടില്ല. അതിനാൽ സിനഡ് തീരുമാന പ്രകാരം നാളെ മുതൽ തന്നെ കുർബാന ഏകീകരണം നടപ്പിലാക്കുമെന്നാണ് കർദിനാൾ ജോർജ് ആലഞ്ചേരി സർക്കുലർ ഇറക്കിയത്. ഇതോടെ കുർബാന ഏകീകരണ വിവാദത്തിൽ മെത്രാൻമാർക്കിടയിൽ തന്നെയുള്ള അഭിപ്രായ ഭിന്നതയാണ് പുറത്ത് വരുന്നത്.