കൊച്ചി: നർക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സിറോ മലബാർ സഭയുടെ പിന്തുണ. ബിഷപ്പിനെ ആക്രമിക്കാൻ ബോധപൂർവ ശ്രമം നടക്കുന്നു. ബിഷപ്പിന്‍റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി വേണമെന്ന ആവശ്യം ആസൂത്രിതമാണെന്നാണ് സഭയുടെ നിലപാട്. ബിഷപ്പിനെ കുറ്റപ്പെടുത്താനുള്ള ശ്രമം തുടർന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സിറോ മലബാർ സഭ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം നല്‍കുന്ന പബ്ലിക് അഫയേഴ്‌സ് കമ്മിഷനാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി വാർത്ത കുറിപ്പ് ഇറക്കിയത്. ഏതെങ്കിലും ഒരു സമുദായത്തിനോ മതത്തിനോ വംശത്തിനോ എതിരെ സംസാരിക്കാത്ത ബിഷപ്പിനെ ആക്ഷേപിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. ബിഷപ്പിന് എതിരായ ആസൂത്രിതമായ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സിറോ മലബാർ സഭയുടെ വാർത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
അത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പാലാ ബിഷപ്പിന് എതിരായി നടത്തുന്നുണ്ടെങ്കില്‍ അത് പിൻവലിക്കണം. കേരളത്തിന്‍റെ മതസൗഹാർദ്ദത്തെയും സഹവർത്തിത്തത്തെയും ഇല്ലാതാക്കുന്ന ഒരു പ്രവർത്തനവും അംഗീകരിക്കാനാകില്ലെന്നും സിറോ മലബാർ സഭ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്‌റ്റംബർ ഒൻപതിന് പള്ളിയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, വിവാദമായ നർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് അടക്കമുള്ള പരാമർശങ്ങൾ നടത്തിയത്.
ഇതേ തുടർന്ന് കേരളത്തിലെ രാഷ്ട്രീയ, മത, സാമുദായിക നേതൃത്വങ്ങൾ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു.
also read: നരേന്ദ്ര മോദി സ്കോട്ട് മോറിസണിനെയും കമല ഹാരിസിനെയും കാണും