എറണാകുളം: യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ നേതൃത്വത്തിൽ മസ്കറ്റിലെ ഗാല മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ ആരംഭിച്ചു. ഓർത്തഡോക്സ്-യാക്കോബായ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ നേതൃത്വത്തിൽ സുന്നഹദോസ് വിളിച്ചു ചേർത്തിരിക്കുന്നത്. ഇന്ത്യയിൽനിന്ന് മെത്രാപൊലീത്തൻ ട്രസ്റ്റി ഉൾപ്പെടെയുള്ള എല്ലാ മെത്രാപ്പൊലീത്തമാരും സുന്നഹദോസിൽ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന സുന്നഹദോസിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് നിർണായകമായ ചർച്ചകൾ ഉണ്ടാകും.
2017 ജൂലൈ മൂന്നിലെ വിധി വന്നതിനു ശേഷം യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. പിറവം, വടവുകോട്, കോതമംഗലം തുടങ്ങിയ നിരവധി പള്ളികളിൽ ഇരുവിഭാഗങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ സമാധാനം കൊണ്ടുവരണമെന്ന ആവശ്യവുമായി പാത്രിയാർക്കീസ് ബാവ ഓർത്തഡോക്സ് സഭാധ്യക്ഷന് കത്ത് അയച്ചത്. എന്നാൽ കത്ത് ലഭിച്ചിട്ടും ഇതുവരെയും ഓർത്തഡോക്സ് സഭ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷൻ കൂടിയായ പാത്രിയാർക്കീസ് ബാവയുടെ നേതൃത്വത്തിൽ കൂടുന്ന സുന്നഹദോസ് വളരെ നിർണായകമാണ്.
ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാരും, ഇതര ക്രൈസ്തവ സഭകളും, സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്നുള്ളവരുടെ സഹകരണത്തോടുകൂടി നടക്കുന്ന ശ്രമങ്ങളെയെല്ലാം ബാവ പ്രത്യേകം പ്രകീർത്തിച്ചതായും യാക്കോബായ സുറിയാനി സഭയുടെ മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മോർ തെയോഫിലോസ് അറിയിച്ചു.
ഇരുപത്തിമൂന്നാം തീയതി സുന്നഹദോസ് സമാപിക്കും