എറണാകുളം : കേരളീയരുടെ ദേശീയ ഉത്സവമായ ഓണം മലയാളികളുടെ വ്യത്യസ്‌തമായ ആഘോഷങ്ങളുടെ (Onam Celebrations) നാളുകൾ കൂടിയാണ്. കൊച്ചിയില്‍ പെരിയാറിന്‍റെ ഓളപരപ്പില്‍ ഓണാഘോഷം കെങ്കേമമാക്കി നീന്തല്‍ പരിശീലകര്‍. മനുഷ്യ സംസ്‌കാരവുമായി അഭേദ്യമായ ബന്ധമാണ് പുഴകൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം ഓണം ആഘോഷിക്കാന്‍ നീന്തല്‍ പരിശീലകനായ സജി വളാശ്ശേരിയും ശിഷ്യന്മാരും തെരഞ്ഞെടുത്തത്.
പുഴയിലെ ഓണാഘോഷമെന്നാല്‍ പൂക്കളവും ഊഞ്ഞാലാട്ടവും വടംവലിയും എല്ലാമുള്ള ആഘോഷം തന്നെയായിരുന്നു (Onam celebrations in Periyar river). പുഴയുടെ ഏകദേശ മധ്യഭാഗത്തായി സംഘം മനോഹരമായ പൂക്കളം തീര്‍ത്തു. വെള്ളത്തിലൊരു തളിക വിരിച്ച് അതില്‍ പൂക്കളിട്ടാണ് പൂക്കളം തീര്‍ത്തത്. കൂടാതെ പുഴയിലെ ഓണാഘോഷം ഒന്നുകൂടി കളറാക്കാന്‍ സംഘം ഊഞ്ഞാലിട്ട് ആടുകയും പുഴയിലെ കുത്തൊഴുക്കില്‍ വടംവലി മത്സരം നടത്തുകയും ചെയ്‌തു. വെള്ളത്തിന് മുകളിലൂടെ ഊഞ്ഞാലാടി വെള്ളത്തിലേക്ക് ചാടി നീന്തി. ഇതെല്ലാം കാഴ്‌ചക്കാര്‍ക്ക് ഏറെ ആവേശം പകര്‍ന്നു.
വടംവലി എന്നും എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണെങ്കിലും വെള്ളം കുത്തിയൊഴുകുന്ന പുഴയിലെ വടംവലി ഏറെ ആവേശമായി. പുഴയിലെ ഓണാഘോഷം വെറുമൊരു ആഘോഷം മാത്രമായിരുന്നില്ല. മുങ്ങി മരണങ്ങൾക്കെതിരെയുള്ള ബോധവത്‌കരണവും നീന്തല്‍ പഠനത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നത് കൂടിയാണ് . വാളശ്ശേരി റിവർ സ്വിമ്മിങ് ക്ലബിന്‍റെ ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.
ആലുവ പെരിയാർ മണപുറം ദേശം കടവിൽ സജി വളാശ്ശേരിയുടെ (Swimming Instructor Saji) നേതൃത്വത്തിലാണ് നീന്തല്‍ പരിശീലനം നടത്തുന്നത്. കഴിഞ്ഞ പതിനാല് വർഷത്തോളമായി സൗജന്യമായാണ് പരീശീലനം നൽകി വരുന്നത്. ഇതുവരെ 8000 ത്തോളം പേരാണ് സജിയുടെ ശിക്ഷണത്തിൽ നീന്തൽ പഠിച്ചെടുത്തത്. ഇതിൽ 10 പേർ ഭിന്ന ശേഷിക്കാരുമുണ്ട്. ഇരുകൈകളും ഇല്ലാത്ത കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിമിനെയും (15) പോളിയോ ബാധിച്ച് അരയ്‌ക്ക് താഴെ തളര്‍ന്ന ആലുവ സ്വദേശി രതീഷിനെയും (36) സജി നീന്തല്‍ പഠിപ്പിച്ചു. ഇരുവരെയും പെരിയാറിന് കുറുകെ നീന്തിപ്പിക്കുകയും ചെയ്‌തു.
ആസിമിനെ കുറിച്ച് കേട്ടറിഞ്ഞ സജി രക്ഷിതാക്കളെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ആസിമിനെയും പിതാവ് ഷഹീദിനെയും ആലുവയിലെ സ്വന്തം വീട്ടിൽ താമസിപ്പിച്ചാണ് സജി നീന്തൽ പരിശീലനം പൂർത്തിയാക്കിയത്. ഇത്തരത്തിൽ നീന്തൽ പരിശീലനത്തിനായി ജീവിതം ഒഴിഞ്ഞ് വച്ച സജിയും സംഘവും ഓണം ആഘോഷിച്ചതും പെരിയാറിലെ ഓളങ്ങളെ തഴുകിയാണെന്നതാണ് ഏറെ ശ്രദ്ധേയം.