എറണാകുളം: പൊലീസ് പീഡനമാരോപിച്ച് ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ച് സ്വപ്‌ന സുരേഷ്. തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് സ്വപ്‌നയുടെ ഉപഹർജി. ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്‍റെ പേരിൽ പൊലീസ് ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകളിൽ കുടുക്കുമെന്ന് പറഞ്ഞുവെന്നും സ്വപ്‌ന ഉപഹർജിയിൽ ആരോപിക്കുന്നു.
ആറാം തീയതി നടന്ന ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പൊലീസിന്‍റെ ഭീഷണിയുണ്ടായത്. രഹസ്യമൊഴിയിലെ വിവരങ്ങളും പൊലീസ് ചോദിച്ചു. എൻഫോഴ്സ്മെന്‍റ് മുൻപാകെ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നൽകിയ തെളിവുകൾ സംബന്ധിച്ചും ചോദ്യമുണ്ടായി. ഇ.ഡിക്ക് സമർപ്പിച്ച തെളിവുകളുടെ വിശദാംശങ്ങൾ നൽകാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സംഭവത്തിൽ കോടതി ഇടപെടൽ വേണമെന്നും ഉപഹർജിയിൽ സ്വപ്‌ന പറയുന്നു.
ഗൂഢാലോചനക്കേസിലെയും കലാപശ്രമക്കേസിലെയും എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജികൾ ഹൈക്കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കാനായി മാറ്റി. റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാനും സ്വപ്‌നയോട് കോടതി ആവശ്യപ്പെട്ടു.
Also Read: ലൈഫ് മിഷൻ കേസ്: സ്വപ്‌നയ്‌ക്ക് സിബിഐ നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം