എറണാകുളം: യാക്കോബായ വിശ്വാസികൾ നേരിടുന്ന പ്രതിസന്ധികൾക്കെതിരെ ഒരു ലക്ഷം സങ്കടഹർജികൾ നല്‍കാനൊരുങ്ങി സൺഡേ സ്കൂൾ വിദ്യാർഥികളും അധ്യാപകരും. മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷന് കീഴിലെ 90,000ത്തോളം കുട്ടികളും 10,000ത്തോളം അധ്യാപകരും ചേർന്നാണ് സങ്കടഹർജി തയാറാക്കുന്നത്. സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കി ഒപ്പിട്ട കത്തുകൾ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരള ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് പോസ്റ്റ് ഓഫീസുകൾ വഴി അയക്കും.
തങ്ങളുടെ പള്ളികളിൽനിന്നും സൺഡേ സ്കൂളുകളിൽ നിന്നും സെമിത്തേരികളിൽ നിന്നും ഓർത്തഡോക്സ് വിഭാഗം തങ്ങളെ ഒഴിവാക്കുന്ന മനുഷ്യത്വരഹിതമായ നടപടികൾ അവസാനിപ്പിക്കണെമന്ന് ആവശ്യപ്പെട്ടാണ് സങ്കടഹർജികൾ അയക്കുന്നതെന്ന് കോതമംഗലം മാർബേസിൽ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികളും അധ്യാപകരും പറഞ്ഞു.