എറണാകുളം: നീതി വൈകുന്നു എന്ന് ആരോപിച്ച് യുവാവ് ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കുടുംബ കോടതിയിലെ കേസ് തീർപ്പാക്കാൻ കാലതാമസം നേരിടുന്നു എന്ന് ആരോപിച്ചാണ് ചിറ്റൂർ സ്വദേശിയായ യുവാവ് ആത്മഹത്യക്കു ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം അത്യാഹിതം ഒഴിവായി.
സംഭവം ശ്രദ്ധയിൽ പെട്ടയുടൻ കോടതിയിലെ സുരക്ഷ വിഭാഗം ജീവനക്കാർ ഇയാളോട് സംസാരിക്കുകയും അനുനയിപ്പിച്ച് താഴെയിറക്കുകയുമായിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.