എറണാകുളം: കൊച്ചിയിൽ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയെഴുതാനാവാതെ വലഞ്ഞ് വിദ്യാർഥികൾ. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലെ 29 വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാനുള്ള അവസരം നഷ്‌ടമായത്. ഇന്ന് ആരംഭിച്ച സി.ബി.എസ്.ഇ പരീക്ഷക്കായി എത്തിയപ്പോഴാണ് തങ്ങൾക്ക് പരീക്ഷയെഴുതാൻ കഴിയില്ലന്ന് വിദ്യാർഥികളും രക്ഷിതാക്കളും അറിയുന്നത്. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്‌കൂൾ മാനേജ്മെന്‍റ് മറച്ചുവെച്ചുവെന്നാണ് ഇവർ പറയുന്നത്. തുടർന്ന് രക്ഷിതാക്കളും കുട്ടികളും രാവിലെ മുതൽ സ്‌കൂളിന് മുന്നിൽ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. എന്നാൽ വ്യക്തമായ ഉത്തരം നൽകാൻ മാനേജ്മെന്‍റ് തയ്യാറായില്ല.
പരീക്ഷയെഴുതാൻ കഴിയാത്തതിൽ മനം നൊന്ത് പൊട്ടിക്കരയുന്ന രക്ഷിതാക്കളും വിദ്യാർഥികളും വരും ദിവസങ്ങളിൽ പരീക്ഷയെഴുതുന്നതിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സമരം ശക്തമാക്കിയതോടെ അടുത്ത വർഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന മറുപടിയാണ് സ്‌കൂൾ മാനേജ്മെന്‍റ് അധികൃതർ ഒടുവിൽ നൽകിയത്. എന്നാൽ കുട്ടികളുടെ ഒരു വർഷം പാഴായി പോകുമെന്നതിനാൽ ബദൽ മാർഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
പരീക്ഷ അടുത്തിട്ടും ഹാൾ ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം രക്ഷിതാക്കൾ തിരിച്ചറിയുന്നത്. എന്നാൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന വിവരം കഴിഞ്ഞ സെപ്‌റ്റംബറിൽ തന്നെ അറിയുമായിരുന്ന മാനേജ്മെന്‍റ് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
എട്ടാം ക്ലാസ് വരെ അംഗീകാരമുള്ള ഈ സ്‌കൂൾ കഴിഞ്ഞ വർഷങ്ങളിൽ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാർഥികളെ മറ്റ് സ്‌കൂളിലേക്കെത്തിച്ചാണ് പരീക്ഷ എഴുതിച്ചിരുന്നത്. എന്നാൽ ഈ വർഷം അതിന് കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് മാനേജ്മെന്‍റിനെതിരെ അന്വേഷണം ആരംഭിച്ചു.
കുട്ടികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. അരൂജ ലിറ്റിൽ സ്റ്റാർ സ്‌കൂളിലേക്ക് യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്‌കൂൾ പരിസരത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.