എറണാകുളം : ട്വന്‍റി ട്വന്‍റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ വിളക്കണച്ച് പ്രതിഷേധം. സ്ട്രീറ്റ് ലൈറ്റ് പദ്ധതി കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജന്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടിയുടെ ഈ നീക്കം. വൈകുന്നേരം ഏഴിന് ആരംഭിച്ച്, 15 മിനിറ്റ് നേരത്തേയ്‌ക്കാണ് വിളക്കുകള്‍ അണച്ച് അണികള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായത്.
എം.എല്‍.എയ്‌ക്കെതിരായി പ്രവര്‍ത്തകര്‍ തെരുവുകളില്‍ പ്രകടനം നടത്തി. മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിലായി നടന്ന പ്രതിഷേധത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്‍സി ബൈജു, ഡീന ദീപക്ക്, എം.വി നിത മോള്‍, മിനി രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ട്വന്‍റി ട്വന്‍റി ആവിഷ്‌കരിച്ച് നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിക്കെതിരെ എം.എൽ എ ഇടപെട്ടുവെന്നാണ് ആരോപണം.
'സര്‍ക്കാര്‍ വക ഫണ്ടുണ്ട്, വേണ്ട സ്വകാര്യ പങ്കാളിത്തം'
സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയില്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് തെരുവു വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഈ ജനമുന്നേറ്റം തങ്ങള്‍ക്കനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞ എം.എല്‍.എ, കെ.എസ്.ഇ.ബി അധികൃതരെ ഭീഷണിപ്പെടുത്തി പദ്ധതി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുവേണ്ടി പഞ്ചായത്തുകളില്‍ സ്വകാര്യപങ്കാളിത്തം ആവശ്യമില്ലെന്നും ഇതിന് സർക്കാർ ഫണ്ടുകൾ ലഭ്യമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വാദം. സ്ട്രീറ്റ്‌ലൈറ്റ് ചാലഞ്ച് അനധികൃതമായ പണപ്പിരിവാണ്, പിന്നിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
കിറ്റെക്‌സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതിനെ തുടർന്ന് ട്വന്‍റി ട്വന്‍റി പ്രതിസന്ധിയിലായിരുന്നു. സ്ട്രീറ്റ് ലൈറ്റ് വിഷയം ഒരു പിടിവള്ളിയായി എടുത്ത് ജനവികാരം അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.
ALSO READ: ശതാഭിഷേക നിറവില്‍ പെരുമ്പടവം ; തൂലികയില്‍ നിന്ന് ഒരു നോവല്‍ കൂടി