എറണാകുളം : എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അതിക്രമത്തിന് ഇരയായ എ.ഐ.എസ്.എഫ് വനിതാനേതാവിന്‍റെ മൊഴി രേഖപ്പെടുത്തി. പറവൂർ സ്റ്റേഷനിലെ മൊഴിയെടുപ്പ് ഒന്നര മണിക്കൂർ നീണ്ടു.
ഉച്ചയ്ക്ക് ശേഷമാണ് കോട്ടയത്തുനിന്നുള്ള അന്വേഷണ സംഘം പറവൂരിൽ എത്തിയത്. മൊഴിയെടുക്കാൻ പാർട്ടി ഓഫിസിലേക്ക് വരാമെന്നുപറഞ്ഞ പൊലീസ് നിലപാട് മാറ്റി എഐഎസ്‌എഫ് നേതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാർട്ടി ഓഫിസിനടുത്ത് എത്തിയ ഇവിടേക്ക് പ്രവേശിക്കാൻ തയ്യാറായില്ല. പകരം പറവൂർ പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ധാരണയനുസരിച്ചാണ് പൊലീസ് ഇവിടേക്ക് വന്നതെന്നും മറിച്ചുള്ള നിലപാട് നീതി നിഷേധമാണെന്നും അവർ പറഞ്ഞു.
ഇടതുപക്ഷനയം സ്ത്രീസുരക്ഷയാണ്. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.പൊലീസ് ആദ്യം രേഖപ്പെടുത്താതിരുന്ന, മന്ത്രിയുടെ സ്റ്റാഫംഗം അരുണിന്റെ പേര് മൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് എതിരായ നിലപാടിൽ മാറ്റമില്ലെന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും എഐഎസ്‌എഫ് വനിത നേതാവ് വ്യക്തമാക്കി. പറവൂരിലെ സി.പി.ഐ നേതാക്കൾ പെൺകുട്ടിക്കൊപ്പം സ്റ്റേഷനില്‍ എത്തിയിരുന്നു.