എറണാകുളം: ഭരണകൂട ഭീകരതയാണ് മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്നതെന്ന് മുന്‍ ജസ്റ്റിസ് ബി. കെമാൽ പാഷ. രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകര്‍ത്ത നിയമം വർഗീയതയ്‌ക്കപ്പുറം ഭീകരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നെല്ലിക്കുഴി രാജിവ് ഗാന്ധി കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംങ്ങളെ മാറ്റി നിർത്തി മതങ്ങളുടെ വേലി കെട്ടി സമൂഹത്തെ വേര്‍തിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഈ വിഭാഗീയത അനുവദിക്കില്ലെന്ന ജനങ്ങളുടെ തീരുമാനമാണ് ഇന്ന് രാജ്യത്തെ തെരുവുകളില്‍ കാണുന്നതെന്നും ബി. കെമാല്‍ പാഷ പറഞ്ഞു. കൾച്ചറൽ സെന്‍റർ ചെയർമാൻ സത്താർ വട്ടക്കുടി പ്രതിഷേധ കൂട്ടായ്‌മയുടെ അധ്യക്ഷത വഹിച്ചു. വിനോദ് കെ.മേനോൻ, കോതമംഗലം മാർത്തോമാ ചെറിയ പള്ളിവികാരി ഫാദർ ബിനിൽ, അഡ്വ. അബുമൊയ്‌തീൻ എം.എം എന്നിവർ സംസാരിച്ചു.