എറണാകുളം: ശ്രീലങ്കയിൽ നിക്ഷേപം നടത്താനായി കിറ്റെക്‌സിനെ ക്ഷണിച്ച് ശ്രീലങ്ക. കൊച്ചിയിലെ കിറ്റെക്‌സ് ആസ്ഥാനത്ത് എത്തിയ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോക്‌ടർ ദ്വരൈ സ്വാമി വെങ്കിടേശ്വരൻ, മാനേജിങ് ഡയറക്‌ടർ സാബു എം ജേക്കബുമായി നേരിട്ട് ചർച്ച നടത്തുകയായിരുന്നു. കിറ്റെക്‌സിന്‍റെ പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യം വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്.
ബംഗ്ലാദേശിനു പിന്നാലെ ശ്രീലങ്കയും
വസ്ത്ര നിര്‍മാണ മേഖലയില്‍ ഏഷ്യയില്‍ തന്നെ മുന്‍ നിരയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. പുതിയ നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുമായി കിറ്റെക്‌സ് ചർച്ചകൾ തുടരുന്നതിനിടെയാണ് ശ്രീലങ്കയും കിറ്റെക്‌സിനെ ക്ഷണിക്കുന്നത്.
ALSO READ: 'കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല' ; നിലവിലേത് തുടരണോയെന്ന് ആലോചിക്കുമെന്നും സാബു എം ജേക്കബ്
കേരളത്തില്‍ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് ശ്രീലങ്ക. ഈ മാസം ആദ്യം ബംഗ്ലാദേശും കിറ്റെക്‌സിനെ നിക്ഷേപ പദ്ധതികള്‍ക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശമയച്ചിരുന്നു. നേരത്തെ തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലെത്തിയ കിറ്റെക്‌സ് സംഘം 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് അവിടെ പ്രഖ്യാപിച്ചത്.
അയൽസംസ്ഥാനങ്ങളിൽ നിന്നും ക്ഷണം
കൂടാതെ പുതിയ നിക്ഷേപത്തിന് മികച്ച സൗകര്യങ്ങള്‍ വാഗ്‌ദാനം ചെയ്ത് മധ്യപ്രദേശ് വ്യവസായ വകുപ്പിന്‍റെ ഉന്നതതല സംഘവും കഴിഞ്ഞയാഴ്‌ച കിറ്റെക്‌സ് സന്ദര്‍ശിച്ചിരുന്നു. ഇതിനു പുറമേ ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളും പുതിയ നിക്ഷേപത്തിനായി കിറ്റെക്‌സിനെ ക്ഷണിച്ചിട്ടുണ്ട്.