എറണാകുളം: ആലുവയ്ക്കടുത്ത് എടയാറിൽ 8000 ലിറ്റർ സ്‌പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പൂണിത്തുറ സ്വദേശി ബൈജു, തൃക്കാക്കര സ്വദേശി സാംസൺ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും സ്‌പിരിറ്റ് കടത്തിലെ പ്രധാനിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
എടയാറിലെ പെയിന്‍റ് നിർമാണ കമ്പനിയുടെ മറവിലായിരുന്നു സ്‌പിരിറ്റ് വിൽപന നടന്നിരുന്നത്. അടുത്തിടെ സ്‌പിരിറ്റുമായി പിടിയിലായ പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നാണ് പെയിന്‍റ് നിർമാണ കേന്ദ്രത്തിന്‍റെ മറവിൽ സ്‌പിരിറ്റ് വിൽപന നടത്തുന്നതിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പച്ചക്കറിയെത്തിച്ചിരുന്ന ലോറികളിൽ തമിഴ്‌നാട്ടിൽ നിന്ന് സ്‌പിരിറ്റ് എത്തിക്കുന്നത് കണ്ടെത്തി.
ഇത്തരത്തിൽ എത്തിച്ചിരുന്ന സ്‌പിരിറ്റ് പെയിന്‍റ് കമ്പനിയുടെ ഗോഡൗണിലെ രഹസ്യ ഭൂഗർഭ അറയിൽ സൂക്ഷിച്ചായിരുന്നു രഹസ്യമായി വിൽപന നടത്തിയിരുന്നത്. ഇവിടെ നിന്നാണ് പിക്കപ്പ് വാഹനത്തിൽ 35 ലിറ്റർ കന്നാസുകളിൽ ആവശ്യക്കാർക്ക് സ്‌പിരിറ്റ് എത്തിച്ചിരുന്നത്. ഇതുപയോഗിച്ച് വൻതോതിൽ വ്യാജകള്ളും വ്യാജചാരായവും നിർമിച്ചിരുന്നതായാണ് വിവരം.
പെയിന്‍റ് കമ്പനി നടത്തിയിരുന്ന പ്രധാന പ്രതി കുര്യൻ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി എക്സൈസ് അന്വേഷണം ഊർജിതമാക്കി.
Also Read: എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; നാലര ലക്ഷത്തോളം വിദ്യാർഥികള്‍ പരീക്ഷയെഴുതും