എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ നൽകിയ കോടതി വിധി സമൂഹത്തിന് ആശ്വാസം പകരുന്നതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻരാജ് (special prosecutor on aluva murder case verdict). ആലുവ കേസിലെ വിധിയെ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന തന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ കോടതി വിധി സമൂഹത്തിന് ഒരു സന്ദേശമാണ്. 302-ാം വകുപ്പ് പ്രകാരം തന്നെയാണ് പ്രതിക്ക് വധശിക്ഷ ലഭിച്ചത്. പ്രതിക്കെതിരെ ചുമത്തിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ വകുപ്പിലെയും കുറ്റങ്ങള്‍ക്ക് അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയമായ തെളിവുകളും സാക്ഷിമൊഴികളുമാണ് ഉണ്ടായിരുന്നത്.
സിസിടിവിദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളും കേസിൽ നിർണായകമായി. കോടതി വിധി സമൂഹത്തിന് നൽകുന്നത് ആശ്വാസം കൂടിയാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന ആശ്വാസമാണത്.
വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞതും കേസിന് അനുകൂലമായി മാറി. സാക്ഷികളുടെ വൈകാരികത നിലനിർത്തി തന്നെ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞു. താൻ പ്രോസിക്യൂട്ടറായി കേസ് നടത്തിയ ഉത്തര, വിസ്‌മയ കേസുകളിൽ ഭാര്യമാരോടുള്ള ക്രൂരതയായിരുന്നുവെങ്കിൽ, ഇത് ഒരു കുട്ടിയോടുള്ള ക്രൂരതയായിരുന്നു.
ഒരു മനുഷ്യ ജീവിയെന്ന നിലയിൽ തന്നെ പ്രതിയുടെ പ്രവർത്തി ക്രൂരകൃത്യമായിയെന്നാണ് വിലയിരുത്തിയത്. തന്‍റെ അഭിഭാഷക ജീവിതത്തിലെ വലിയ നേട്ടമായി ഉയർത്തി കാണിക്കുന്നില്ലെങ്കിലും വലിയ സന്തോഷം പകരുന്നതാണ് കോടതി വിധിയെന്നും പ്രത്യേക പ്രോസിക്യൂട്ടർ അഡ്വ.ജി മോഹൻ രാജ് വ്യക്തമാക്കി.
ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാഖ് ആലത്തെ മരണം വരെ തൂക്കി കൊല്ലാനാണ് പോക്സോ കോടതി ശിക്ഷിച്ചത്. എറണാകുളം പോക്സോ കോടതി ജഡ്‌ജി കെ സോമനാണ് പ്രതിയെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ മൂന്ന് പോക്സോ വകുപ്പുകൾ പ്രകാരം ജീവതാവസാനം വരെ തടവിനും കോടതി ശിക്ഷിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376,377 വകുപ്പ് പ്രകാരവും ജീവിതാവസാനം വരെ തടവ് വിധിച്ചിട്ടുണ്ട്. പ്രതിയുടെ ക്രൂരകൃത്യവും പ്രതിയുടെ പ്രായവും അടിസ്ഥാനമാക്കി ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പിറക്കാനിരിക്കുന്ന കുട്ടികൾക്ക് പോലും പ്രതി ഭീഷണിയാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചു. പ്രതി അസ്‌ഫാഖ് ആലം കുറ്റക്കാരനാണെന്ന് കഴിഞ്ഞ നാലാം തിയതി കോടതി കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് കഴിഞ്ഞതോടെയാണ് പ്രതി അസ്‌ഫാഖ് ആലത്തിന് പരമാവധി ശിക്ഷ തന്നെ കോടതി വിധിച്ചത്.
Also read: ശിശുദിനത്തിലെ ചരിത്ര വിധി, അപൂർവങ്ങളില്‍ അപൂർവം..കരുണ അർഹിക്കാത്ത അസ്‌ഫാക് ആലം
ഇരുപത്തിയേഴുകാരനായ പ്രതിക്ക് തിരുത്താൻ അവസരം നൽക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, പ്രതിയുടെ മുൻകാല ചരിത്രവും സുപ്രീം കോടതിയുടെ വിധിന്യായങ്ങളും നിരത്തി ഈ വാദത്തെ ഖണ്ഡിക്കുവാനും പ്രോസിക്യൂഷന് സാധിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ശക്തമായ വാദമമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആദ്യം മുതൽ ഉന്നയിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവമെന്ന പരിഗണനയ്ക്ക് വിധേയമാകുന്ന എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടന്ന് സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ഫലപ്രദമായി കോടതിയെ ബോധ്യപ്പെടുത്തി.
പ്രതിയ്ക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. വിധി പ്രഖ്യാപനത്തെ തുടർന്ന് കോടതി പരിസരത്ത് പ്രോസിക്യൂട്ടർക്ക് അഭിനന്ദനവുമായി അമ്മമാരുൾപ്പെടെ നിരവധി പേരാണ് എത്തിയത്. അവർ പൊന്നാട അണിയിച്ച് പ്രോസിക്യൂട്ടറെ ആദരിച്ചു.