എറണാകുളം : കിഴക്കമ്പലത്ത് കിറ്റക്സിലെ തൊഴിലാളികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകർത്ത കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാലിന്‍റെ നേതൃത്വത്തിൽ 19 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
രണ്ട് ഇൻസ്പെക്ടമാരും ഏഴ് സബ് ഇൻസ്പെക്ടർമാരും ടീമിലുണ്ട്. റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
READ MORE: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച്, ജീപ്പ് തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങൾ
സംഘർഷവുമായി ബന്ധപ്പെട്ട് 156 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ കുറ്റകൃത്യത്തിലുള്ള പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്. 500 ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്ക് പറ്റിയവരെ ഡി.ഐ.ജി, എസ്.പി എന്നിവർ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് പിക്കറ്റിങ് തുടരും. സുരക്ഷ ഉറപ്പാക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.