എറണാകുളം : ഇന്ന് (സെപ്‌റ്റംബർ 18) അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനം. തീരപ്രദേശങ്ങൾ ശുചിയായി സൂക്ഷിക്കുകയെന്ന പ്രചാരണത്തിന്‍റെ ഭാഗമായി കൊച്ചിയുടെ നീര്‍ത്തട മേഖലകള്‍ വൃത്തിയാക്കിയാണ് ദക്ഷിണ നാവികസേന ഈ ദിനം ആചരിച്ചത്.
നാവിക സേനാംഗങ്ങളും അവരുടെ കുടുംബങ്ങളുമടക്കം 600ലേറെ പേര്‍ ചേർന്നാണ് ഫോർട്ട് കൊച്ചി ബീച്ച്, വെല്ലിങ്ടണ്‍ ഐലൻഡ്, ചെറായി ബീച്ച്, ബോൾഗാട്ടി തുടങ്ങിയ തീരമേഖലകളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്.
കൂടാതെ വെണ്ടുരുത്തി കനാലിന്‍റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഏകദേശം ഒരു ലക്ഷം ചതുരശ്രമീറ്ററിൽ 80 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചു.
മറ്റ് നേവൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ലോണാവാല, ജാംനഗർ, ചിൽക്ക, കോയമ്പത്തൂർ, ഗോവ, ഏഴിമല, മുംബൈ എന്നിവിടങ്ങളിലും ഇത്തരത്തിൽ തീരദേശ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തിയിരുന്നു. കൂടാതെ ജനങ്ങളിൽ അവബോധം വളര്‍ത്തുന്നതിന്‍റെ ഭാഗമായി ബോധവത്‌കരണ പരിപാടികളും മത്സരങ്ങളും നടത്തി.
ALSO READ: കൊച്ചിയില്‍ നിന്ന് ചരക്കുകപ്പൽ കൊല്ലം തുറമുഖത്തെത്തി ; വർഷങ്ങള്‍ക്കിപ്പുറം
പരിശീലന കേന്ദ്രമെന്ന നിലയിൽ രാജ്യത്തുടനീളമുള്ള നാവിക കേന്ദ്രങ്ങളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ദക്ഷിണ നാവികസേന മുൻപന്തിയിലാണ്.
വിവിധങ്ങളായ ഹരിത സംരംഭങ്ങൾ ആശയപരമായി നടപ്പിലാക്കിയെന്ന പ്രത്യേകതയും ദക്ഷിണ നാവികസേനയ്‌ക്കുണ്ട്. നാവിക പരിശീലനത്തോടൊപ്പം തന്നെ യുവ സൈനികർക്ക് പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധവും നൽകിവരുന്നു.