എറണാകുളം: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ(32) മൃതദേഹം കൊച്ചിയിലെത്തിച്ചു. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്.
ALSO READ: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
ഡീൻ കുര്യാക്കോസ് എം.പി, പി.ടി തോമസ് എം.എൽ.എ തുടങ്ങിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന്, ബന്ധുക്കൾക്ക് കൈമാറി. സൗമ്യയുടെ സഹോദരനും സഹോദരിയും ഉൾപ്പടെയുള്ള ബന്ധുക്കൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു.
ഇവിടെ നിന്നും മൃതദേഹം റോഡ് മാർഗ്ഗം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. ഇസ്രയേൽ എംബസി ഇടപെട്ടാണ് ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്‌തത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇടുക്കി സ്വദേശി സൗമ്യ ഇസ്രയേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഗാസ മുനമ്പിനോട് ചേർന്ന അഷ്‌കലോണിൽ സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിൽ റോക്കറ്റ് പതിക്കുകയായിരുന്നു. ഇടുക്കി കാഞ്ഞിരംതാനം സന്തോഷിൻ്റെ ഭാര്യയാണ്. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് 5.30ന് ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താമസസ്ഥലത്ത് മിസൈൽ പതിക്കുകയായിരുന്നു.
ആക്രമണം നടന്ന് ഏതാനും മിനിറ്റുകൾക്കകം അവിടെത്തന്നെ താമസിക്കുന്ന ബന്ധുവാണ് മരണവിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശൻ്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. കഴിഞ്ഞ ഏഴുവർഷമായി ഇഡ്രായേലിലാണ് ജോലി ചെയ്യുന്നത്. രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്.