എറണാകുളം : സോളാർ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കൽ നടത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാറിന് താൽക്കാലികാശ്വാസം. ഗണേഷ് കുമാർ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ 10 ദിവസത്തേയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു (Solar Case HC Order K B Ganesh Kumar ). കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഗണേഷിന്‍റെ ഹർജിയിലാണ് കോടതി ഇടപെടൽ.
കെ ബി ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വക്കേറ്റ് സുധീർ ജേക്കബ് നൽകിയ പരാതിയിൽ നേരത്തെ മജിസ്ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാൻ ഗണേഷിന് സമൻസ് അയച്ചിരുന്നു. സമൻസ് ചോദ്യം ചെയ്‌തും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ഗണേഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.
പരാതിക്കാരിയുടെ കത്ത് വ്യാജമല്ല. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി തന്നെയാണ്. പിന്നെ എങ്ങനെയാണ് കത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്ന ആരോപണം നിലനിൽക്കുകയെന്നും ഗണേഷ് കുമാർ കോടതിയിൽ വാദിച്ചു. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരാതിയാണ് കീഴ്‌ക്കോടതിയിലേതെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിട്ടുണ്ട്. കത്തിൽ തിരുത്തൽ വരുത്താൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഉൾപ്പെടെയാണ് കീഴ്‌ക്കോടതിയിലുള്ള പരാതിയിലെ ആരോപണങ്ങൾ.
തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല എന്നാണ് സിബിഐയുടെ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് സഹായിയെ വിട്ട് കൈവശപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് സിബിഐ കണ്ടെത്തിയിരുന്നു.