എറണാകുളം: അങ്കമാലി കറുകുറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കറുകുറ്റി സെന്‍റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയ്‌ക്ക് പുറകിൽ നിർമാണത്തിലിരുന്ന രണ്ട് നില വീടിന്‍റെ സൺഷൈഡ് സ്ലാബാണ് തൊഴിലാളികൾക്ക് മുകളിലേക്ക് രാവിലെ എട്ടേമുക്കാലോടെ തകർന്ന് വീണത്.
കറുകുറ്റി സ്വദേശിയായ ജോണി അന്തോണി (52), പശ്ചിമ ബംഗാൾ സ്വദേശി അലിഹസൻ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അലിഹസൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ജോണി അന്തോണി ആശുപത്രിയിലെത്തിച്ച ശേഷവും മരണപ്പെടുകയായിരുന്നു. അതേ സമയം സാരമായി പരിക്കേറ്റ പശ്ചിമബംഗാൾ സ്വദേശി കല്ലുവിന്‍റെ (30) നില ഗുരുതരമായി തുടരുകയാണ്.
ഇയാളുടെ ആരോഗ്യ കാര്യത്തിൽ അടുത്ത 24 മണിക്കൂർ നിർണായകമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. നേരത്തെ വാർക്കൽ പൂർത്തിയായ സ്ലാബിന് മുകളിൽ ഒരാൾ കയറിയതോടെയാണ് സ്ലാബ് തകർന്നതെന്നാണ് വിവരം. ഇതോടെ താഴെ ജോലി ചെയ്യുകയായിരുന്ന തൊഴിയാളികളുടെ മുകളിലേക്ക് സ്ലാബ് അടർന്ന് വീഴുകയായിരുന്നു.
നിർമാണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച സ്ലാബ് താങ്ങി നിർത്തിയ ഷീറ്റുകൾ നീക്കം ചെയ്യുന്നതിനായിരുന്നു തൊഴിലാളി സ്ലാബിന് മുകളിൽ കയറിയത്. ഇരുനില കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. അപകടം സമയം മലയാളികളും ഇതര സംസ്ഥാനക്കാരുമായ തൊഴിലാളികൾ ഇവിടെ ജോലി ചെയ്‌തുവരികയായിരുന്നു.