എറണാകുളം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് കസ്റ്റംസ് എറണാകുളം എസിജെഎം കോടതിയിൽ തെളിവുകൾ നൽകിയത്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് തെളിവുകൾ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ പ്രതികളുടെ മൊഴികളല്ലാതെ കൂടുതല്‍ തെളിവുകളെന്തെങ്കിലുമുണ്ടെങ്കിൽ മുദ്രവച്ച കവറിൽ നൽകാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
അതേ സമയം കസ്റ്റംസ് കേസില്‍ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ എം ശിവശങ്കർ പിന്‍വലിച്ചു. ചൊവ്വാഴ്ച ഇ ഡി കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് കസ്റ്റംസ് കേസിൽ എ.സി.ജെ എം കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തൽക്കാലത്തേക്ക് പിൻവലിച്ചത്. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതിനിടെ ഡോളര്‍ കടത്ത് കേസില്‍ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ജെഎഫ്സിഎം കോടതിയില്‍ തുടരുകയാണ്. ജെഎഫ്സിഎം മൂന്നാം കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ സ്വർണ്ണക്കടത്ത് കേസിലും കസ്റ്റംസ് അപേക്ഷ പരിഗണിച്ച് സിജെഎം കോടതി രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയിരുന്നു. മൊഴിയെടുക്കൽ പൂർത്തിയായ ശേഷം രഹസ്യമൊഴി സ്വർണ്ണക്കടത്ത് കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എസിജെഎം കോടതിയിൽ സമർപ്പിക്കും.