എറണാകുളം: ശിവരാത്രി മഹോത്സവത്തിന്‍റെ മഹത്വമണിഞ്ഞ് ആലുവ മണപ്പുറം. കൊവിഡ് മഹാമാരിയുടെ കടന്നുകയറ്റത്തിൽ മുൻവർഷങ്ങളിൽ നിന്ന് വേറിട്ട അനുഭവങ്ങളിലൂടെയാണ് ഇത്തവണ ശിവരാത്രി കടന്ന് പോയത്. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളിലൂടെ ബലിദർപ്പണ ചടങ്ങുകൾ നടന്നു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി ബുക്ക് ചെയ്‌തവർക്ക് മാത്രമാണ് ബലിദർപ്പണത്തിന് പ്രവേശനാനുമതി ഉണ്ടായിരുന്നതെങ്കിലും പ്രതീക്ഷയിൽ കവിഞ്ഞ വിശ്വാസികളാണ് ഇവിടെ എത്തിയത്.
വിശ്വാസികളുടെ തിക്കും തിരക്കും കൊണ്ട് ആത്മീയതയിൽ നിറഞ്ഞ് നിന്നിരുന്ന ശിവരാത്രി മഹോത്സവം ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് നടത്തിയതെങ്കിലും മഹോത്സവത്തിന്‍റെ മഹത്വം ഒട്ടും കുറഞ്ഞില്ല . ബലിദർപ്പണത്തിന് കാർമികത്വം വഹിക്കുന്ന പുരോഹിതർ കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ചടങ്ങുകൾക്കായി എത്തിചേർന്നത്.