എറണാകുളം : പലസ്‌തീനെതിരായ ആക്രമണം (Israel Attack In Palestine) സാമ്രാജ്യത്വ ഗൂഢാലോചനയെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). വംശീയ ഉന്മൂലനമാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ സി പി എം സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലസ്‌തീനിൽ നിന്നും ഹൃദയഭേദകമായ കാഴ്‌ചകളാണ് പുറത്തുവരുന്നത്.
സർവനാശത്തിന്‍റെ അന്തരീക്ഷത്തിലേയ്‌ക്ക് കാര്യങ്ങൾ വഴിമാറുകയാണ്. ഇസ്രയേൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു. ഹമാസിന്‍റെ ആക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെട്ടു എന്നതടക്കമുള്ള വ്യാജ വാർത്തകൾക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണം. ആശുപത്രികൾ ആക്രമിച്ചത് ആസൂത്രിതമാണ് (Sitaram Yechury On Palestine Issue).
1946 ലെ ഐക്യരാഷ്‌ട്രസഭ പ്രമേയ പ്രകാരം പലസ്‌തീൻ ജനതയ്‌ക്കായി മാറ്റിവച്ച സ്ഥലങ്ങൾ അവർക്ക് വിട്ടുകൊടുക്കണം. പ്രമേയത്തിൽ വെള്ളം ചേർത്തത് ഇസ്രയേലാണ്. അവർ അനധികൃത കുടിയേറ്റം നടത്തുന്നതാണ് പ്രശ്‌നങ്ങളുടെ കാരണം. ഗാന്ധിജിയുടെ കാലംതൊട്ട് ഇന്ത്യയുടെ നിലപാട് പലസ്‌തീന് അനുകൂലമായിരുന്നു.
എന്നാൽ ഇപ്പോള്‍ മോദി ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിലൂടെ ഇന്ത്യയുടെ നിലപാട് സാമ്രാജ്യത്വത്തിന് അനുകൂലമാക്കി മാറ്റിയെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. മോദിയുടെ ഇന്ത്യയും നെതന്യാഹുവിന്‍റെ ഇസ്രയേലും വർഗീയ രാഷ്‌ട്രമെന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഐക്യപ്പെടുകയാണെന്നും യെച്ചൂരി ആരോപിച്ചു. മണിപ്പൂർ കലാപം കലുഷിതമായപ്പോൾ 100 ദിവസം മിണ്ടാതിരുന്ന മോദി ഇസ്രയേൽ, ഹമാസ് യുദ്ധമുണ്ടായി എട്ട് മണിക്കൂർ കഴിയും മുമ്പേ ട്വീറ്റ് ചെയ്‌ത് ഇസ്രയേലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
രാഷ്‌ട്രീയവും മതവും കൂട്ടിക്കലർത്തിയ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമായി പുണ്യസ്ഥലങ്ങൾ തകർന്നു. ഇത്തരം ചെയ്‌തികള്‍ക്കെതിരെ സാർവ ദേശീയ ഐക്യദാർഢ്യ പ്രസ്ഥാനം വളർന്നുവരണമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഇസ്രയേലിന്‍റെ പലസ്‌തീൻ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം എറണാകുളം ജില്ല കമ്മിറ്റി കൊച്ചിയിൽ പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചത്.
അന്ത്യമില്ലാതെ ഇസ്രയേൽ - പലസ്‌തീൻ യുദ്ധം : ഇക്കഴിഞ്ഞ ഒക്‌ടോബർ ഏഴിന് അപ്രതീക്ഷിതമായി ആരംഭിച്ച ഇസ്രയേൽ - പലസ്‌തീൻ യുദ്ധത്തിൽ ഇരുപക്ഷത്തുമായി സാധാരണക്കാരും സൈനികരുമുൾപ്പടെ 5000ത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രി കെട്ടിടത്തിന് നേര്‍ക്കുണ്ടായ ബോംബാക്രമണത്തിൽ 500 ഓളം പേർ മരണപ്പെട്ടത് വലിയ ചർച്ചയ്‌ക്ക് കാരണമായി. ബോംബാക്രമണം നടത്തിയത് ഇസ്രയേൽ ആണെന്നാണ് ഹമാസിന്‍റെ പക്ഷം. എന്നാൽ, ഹമാസ് തൊടുത്ത റോക്കറ്റ് തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നായിരുന്നു സംഭവത്തിൽ ഇസ്രയേലിന്‍റെ വിശദീകരണം.