എറണാകുളം : ആശുപത്രികളിൽ സംസ്ഥാന വ്യവസായ സുരക്ഷാസേനയെ നിയോഗിക്കാനുള്ള നടപടികളായെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഡോ.വന്ദന ദാസിന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് പ്രതികളുടെ വൈദ്യ പരിശോധന സംബന്ധിച്ച പ്രോട്ടോക്കോളിന്‍റെ കരട് സർക്കാരിന് കൈമാറിയതായി പൊലീസ് കോടതിയെ അറിയിച്ചത്. ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസും സർക്കാർ കോടതിക്ക് കൈമാറി.
സംസ്ഥാനത്തെ ആശുപത്രികളിൽ സുരക്ഷയ്ക്കായി ഇൻഡസ്ട്രിയൽ ഫോഴ്‌സിനെ നിയോഗിക്കുവാനുള്ള നടപടികളും ആരംഭിച്ചുവെന്ന് സർക്കാർ അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്ക് സ്വന്തം ചെലവിൽ എസ്ഐഎസ്എഫിനെ നിയോഗിക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സുരക്ഷ ഒരുക്കേണ്ട ആശുപത്രികളുടെ മുൻഗണന പട്ടിക ആരോഗ്യ വകുപ്പിന്‍റെ പരിഗണനയിലാണ്.
കൂടാതെ ഡോ.വന്ദന ദാസിന്‍റെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്ന കാര്യം സജീവ പരിഗണനയിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജിയിലെ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചില്ല. നഷ്‌ട പരിഹാരം സംബന്ധിച്ച് സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി നിലപാട്. പ്രതികളുടെ വൈദ്യ പരിശോധന സംബന്ധിച്ചുള്ള പ്രോട്ടോക്കോളിൽ കെ.ജി.എം.ഒ, ഐ.എം.എ, ജുഡീഷ്യൽ ഓഫിസർമാരുടെ സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിക്കാനും കോടതി നിർദേശം നൽകി.
പൊലീസ് കൊണ്ടുവരുന്ന ഒരാൾ മറ്റൊരാളെ ആക്രമിക്കാൻ ഇട വരുത്തരുത്. അത് പൊലീസിന്‍റെ ബാധ്യതയാണ്. വന്ദനയുടെ മരണം സർക്കാർ സംവിധാനങ്ങളുടെ പരാജയമാണെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് കുറ്റപ്പെടുത്തി. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റി.
ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസിന് അംഗീകാരം : ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമത്തിന്‍റെ ഓർഡിനൻസിന് അംഗീകാരം ലഭിച്ചിരുന്നു. മെയ് 17ന് ചേർന്ന മന്ത്രിസഭായോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ആരോഗ്യ മേഖലയിലെ മിനിസ്‌റ്റീരിയൽ ജീവനക്കാർ ഉൾപ്പടെ മുഴുവൻ ജീവനക്കാർക്കും സുരക്ഷാപരിരക്ഷ ഉറപ്പാക്കുന്നതാണ് നിയമം.
മുഴുവൻ ജീവനക്കാർക്കും സുരക്ഷ : 2012 ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാസേവന സ്ഥാപനങ്ങളും സംരക്ഷിക്കൽ നിയമം ഭേദഗതി ചെയ്‌താണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ആശുപത്രികളിൽ നടത്തുന്ന അതിക്രമത്തിന് ആറ് മാസം മുതൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിക്രമത്തിന്‍റെ കാഠിന്യം അനുസരിച്ച് ശിക്ഷയും വർധിക്കും.
Also read : മുഴുവൻ ജീവനക്കാർക്കും സുരക്ഷ: ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം
കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. വാക്കാൽ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കും. ഡോക്‌ടർമാർ, നഴ്‌സുമാർ, മെഡിക്കൽ നഴ്‌സിങ് വിദ്യാർഥികൾ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരെ കൂടാതെ മിനിസ്‌റ്റീരിയൽ ജീവനക്കാരെയും സുരക്ഷാജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയിൽ കൊണ്ടുവന്നു.
ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്‌ടത്തിനും നഷ്‌ടപരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.