എറണാകുളം: പ്രശസ്‌ത ഗായകൻ തോപ്പിൽ ആന്‍റോ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1956-57 കാലഘട്ടത്തിൽ നാടക ഗാനങ്ങളിലൂടെയായിരുന്നു ആന്‍റോയുടെ പിന്നണി ഗാനരംഗത്തേക്കുള്ള പ്രവേശനം. കെ.എസ് ആന്‍റണിയാണ് ആന്‍റോയെ സിനിമ പിന്നണി ഗാന രംഗത്തെത്തിച്ചത്.
Father Damien Film | 'ഫാദർ ഡാമിയൻ' എന്ന ആദ്യ ചിത്രത്തിൽ 'പിന്നിൽ നിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ, എങ്ങു പോണൂ' എന്ന ഗാനമാണ് ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയത്. ബാബുരാജായിരുന്നു സംഗീത സംവിധായകൻ. വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പാടി.
ബാബുരാജ്, എം.കെ അർജുനൻ, ദേവരാജൻ തുടങ്ങിയ മഹാന്മാരായ സംഗീതപ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചു. ഹണി ബി 2ലാണ് അവസാനം പാടിയത്. ചലച്ചിത്ര ഗാനങ്ങൾ, നാടക ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നീ മേഖലകളിൽ ഒരുപോലെ തിളങ്ങിയ പ്രതിഭയായിരുന്നു.