എറണാകുളം: സിൽവർ ലൈൻ കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജിപിഎസ് വഴി സാമൂഹിക ആഘാത പഠനം നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. എന്നാലത് ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറായില്ല. സര്‍ക്കാര്‍ സര്‍വ്വെ കല്ലിടല്‍ നിര്‍ത്തിയതിന് പിന്നില്‍ തെറ്റുതിരുത്താനുള്ള ബുദ്ധിയാണെങ്കില്‍ അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതല്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെയുള്ള ഇടവേളയാണെങ്കില്‍ അത് കേരള ജനതയെ വഞ്ചിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിച്ച പ്രതിഷേധമാണ് ഇപ്പോള്‍ വിജയം കണ്ടത്. കേരളത്തിന്റെ പരിച്ഛേദം സമരമുഖത്തുണ്ടായിരുന്നു.
സ്ത്രീകളും കുട്ടികളും പ്രായമായവരും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അണിനിരന്നു. കല്ലിട്ടാല്‍ പിഴുതെറിയുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം പൊതുജനം ഏറ്റെടുത്തു. എന്നിട്ടും പ്രതികാര മനോഭാവത്തോടെ ജനങ്ങളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ കല്ലിടലുമായി മുന്നോട്ട് പോയത്.
കെ റെയില്‍ കല്ലിടല്‍ പ്രതിഷേധങ്ങളുടെ പേരില്‍ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനും പൊതുജനങ്ങളില്‍ നിന്നും ഈടാക്കിയ പിഴ തിരികെ നല്‍കാനും തയ്യാറാകണം. എത്ര തുകയാണ് നാളിതുവരെ കല്ലിടാന്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയതെന്ന് വെളിപ്പെടുത്തുകയും അത് ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും വേണം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ റെയില്‍ സര്‍വ്വെ കല്ലിടല്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതെങ്കില്‍ അത് വെറും രാഷ്ട്രീയ പാപ്പരത്തമാണന്നും കെ സുധാകരൻ പറഞ്ഞു.
Also Read: ട്വന്‍റി - ട്വന്‍റിയുടെയും ആം ആദ്‌മി പാർട്ടിയുടെയും പിന്തുണയഭ്യർഥിച്ച് കെ സുധാകരന്‍