എറണാകുളം: സിൽവർ ലൈൻ വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. സ്ഥലമേറ്റെടുക്കുന്നതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലെ പരാമർശ വിഷയങ്ങൾക്ക് അപ്പുറമാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടിയെന്നാണ് സർക്കാരിന്‍റെ ആരോപണം.
സർക്കാരിന്‍റെ വാദങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിപിആർ തയ്യാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സർക്കാർ അപ്പീൽ ഹർജിയിൽ ചൂണ്ടികാണിക്കുന്നു. കെ റെയിൽ ഭൂമി ഏറ്റെടുക്കലിനെതിരായ ഹർജികൾ പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സർവെ നടത്താതെ ഡി.പി.ആർ എങ്ങനെ തയ്യാറാക്കിയെന്ന ചോദ്യമുന്നയിച്ചിരുന്നു.
ALSO READ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദിലീപ്
വിശദ പദ്ധതി രേഖ എങ്ങനെ തയ്യാറാക്കി. എന്തൊക്കെ കാര്യങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചത്. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുമ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്നീ കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്നും എല്ലാ നിയമങ്ങളും പാലിച്ചുമാത്രമേ മുന്നോട്ടുപോകാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഏരിയല്‍ സർവേ പ്രകാരമാണ് ഡി.പി.ആർ തയ്യാറാക്കിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർവേ നടപടികൾ ഇപ്പോഴും തുടരുകയാണ്.
പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന സർവേ നടപടികൾ സാമൂഹ്യാഘാത പഠനത്തിന്‍റെ ഭാഗമാണെന്നും ഭൂമി ഏറ്റെടുക്കാനല്ലെന്നും സർക്കാർ അറിയിച്ചിരുന്നു. വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു.
ഈ മാസം പതിനൊന്നിന് ഹർജി പരിഗണിക്കും വരെ ഹർജിക്കാരുടെ ഭൂമിയിൽ സർവേ നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്.
ALSO READ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന റിപ്പോർട്ട്; ന്യൂയോർക്ക് ടൈംസിന് ലീഗൽ നോട്ടിസ്