എറണാകുളം: ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങള്‍ക്കും പരിമിതികളില്ലെന്ന് തന്‍റെ നേട്ടങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേനയുടെ ആദ്യ പൈലറ്റായ സബ് ലഫ്റ്റന്‍റ് ശിവാംഗി. ബിഹാര്‍ മുസാഫര്‍പുര്‍ സ്വദേശിയായ ശിവാംഗി ഇന്നലെ ദക്ഷിണ നാവിക ആസ്ഥാനത്ത് 'ഡോര്‍ണിയര്‍ കണ്‍വേര്‍ഷന്‍' കോഴ്‌സ് പൂര്‍ത്തിയാക്കി.
ജയ്‌പൂര്‍ മാൾവിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംടെക് വിദ്യാര്‍ഥിയായിരിക്കെയാണ് 2018 ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ശിവാംഗി ഇന്ത്യന്‍ നാവികസേനയില്‍ ചേരുന്നത്. മുസാഫര്‍പൂരിലെ സ്‌കൂളില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മന്ത്രി ഹെലികോപ്റ്ററില്‍ പറന്നിറങ്ങുന്നത് കണ്ടപ്പോഴാണ് ശിവാംഗിക്ക് പൈലറ്റാകണമെന്നുള്ള ആഗ്രഹം മനസ്സില്‍ തോന്നിയത്. പിന്നീട് കോളജിൽ സായുധസേനകളെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ നാവിക സേനയെക്കുറിച്ചുള്ള വീഡിയോകളും വഴിത്തിരിവായി.
പൈലറ്റാവണമെന്ന അടങ്ങാത്ത അഭിനിവേശം ശിവാംഗിക്ക് സമ്മാനിച്ചത് ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റെന്ന സ്വപ്‌ന കിരീടമാണ്. പരിശീലനത്തിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളാണ് ശിവാംഗി നിലവിൽ പൂർത്തിയാക്കിയിട്ടുള്ളത്. അവധിക്കുശേഷം തിരിച്ചെത്തുന്ന ഇവർ ജനുവരി 14 മുതൽ ഡോർണിയർ വിമാനത്തിൽ കൂടുതൽ പരിശീലനം നേടും.
140 മണിക്കൂറുകളാണ് ശിവാംഗി വിമാനം പറത്തിയത്. ഏതു ദൗത്യവും ഏറ്റെടുക്കാന്‍ തയാറാണെന്ന് ആത്മവിശ്വാസത്തോടെ ശിവാംഗി പറയുന്നു. സ്ത്രീകൾക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾ ഒരു വശത്ത് വർധിക്കുമ്പോൾ മുന്നോട്ടുകുതിക്കുന്നതിനുള്ള ഊർജ്ജമാവുകയാണ് ശിവാംഗിയെ പോലുള്ളവരുടെ വിജയഗാഥ.