എറണാകുളം: കൊച്ചിയിലും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിയായ 56കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ. ഒരാഴ്ച മുമ്പാണ് രോഗ ലക്ഷണങ്ങളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിഗല്ല സ്ഥിരീകരിച്ച ചോറ്റാനിക്കരയിലെ രോഗിയുടെ വീടിന് പരിസരത്തുള്ള കുടിവെള്ള സ്രോതസ്സുകളിലെ സാമ്പിൾ ശേഖരിച്ചു. മുൻകരുതലിന്‍റെ ഭാഗമായി രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയുള്ള തുടർ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ജില്ലാ ഭരണകൂടം ആരംഭിച്ചു. ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വയറിളക്കം, പനി, വയറുവേദന, ചർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. പ്രധാനമായും മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ട പ്രതിരോധ മാർഗങ്ങൾ ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പ് കൈ കഴുകുക, മലവിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക, വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക, രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ.