എറണാകുളം: പാർട്ടിയുടെ കേരള ഘടകത്തിൽ തനിക്ക് ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കൊച്ചിയിൽ നടക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ സംസ്ഥാനതല കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ആർക്കെതിരെയും താൻ സംസാരിക്കുകയോ പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്‌തിട്ടില്ല.
ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. തന്‍റെ ഭാഗത്ത് നിന്ന് ആർക്കെതിരേയും പരാതികളോ പ്രശ്‌നങ്ങളോ ഇല്ല. എല്ലാവരേയും ഒന്നായി കാണുന്നതിൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ശശി തരൂർ പറഞ്ഞു.
ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനോടും സംസാരിക്കുമോ എന്ന ചോദ്യത്തിന് സുധാകരൻ വീഡിയോ കോൺഫറൻസിലൂടെയും വി ഡി സതീശൻ നേരിട്ടുമാണ് പങ്കെടുക്കുകയെന്നായിരുന്നു തരൂരിന്‍റെ മറുപടി. പരസ്‌പരം സംസാരിക്കാതിരിക്കാൻ ഞങ്ങൾ ചെറിയ കുട്ടികളല്ലെന്ന് തരൂർ കൂട്ടിച്ചേർത്തു. തരൂരിന്‍റെ മലബാർ പര്യടനത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു തരത്തിലുള്ള വിഭാഗീയതയോ സമാന്തര പ്രവർത്തനങ്ങളോ കേരളത്തിൽ അനുവദിക്കില്ലെന്ന് അടുത്തിടെ തരൂരിന്‍റെ പേര് പരാമർശിക്കാതെ തന്നെ വി ഡി സതീശൻ പറഞ്ഞിരുന്നു.
എന്നാൽ തന്‍റെ നീക്കത്തിന് പിന്നിൽ ഒരു അജണ്ട ഉണ്ടെന്ന് പാർട്ടിയിലെ എതിരാളികൾ കരുതുന്നതായാണ് തരൂരിന്‍റെ വിശദീകരണം. അദ്ദേഹത്തിന്‍റെ സമീപകാല പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ശനിയാഴ്‌ച കെപിസിസിയുടെ അച്ചടക്ക സമിതി പാർട്ടി ഫോറങ്ങൾ മറികടക്കരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. കൂടാതെ പരിപാടികളിൽ പങ്കെടുക്കുമ്പോൾ അതത് ജില്ലയിലെ നേതാക്കളെ അറിയിക്കണമെന്നും നേതൃത്വം നിർദേശം നൽകി.
എന്നാൽ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡിസിസി പ്രസിഡന്‍റുമാരെ അറിയിക്കാറുണ്ടെന്നും സ്വകാര്യ പരിപാടികൾ അറിയിക്കേണ്ട ആവശ്യമില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.