എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം അർഷോയുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് (ഓഗസ്റ്റ് 5) വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി അർഷോയ്ക്ക് പിജി പരീക്ഷ എഴുതാനായി ഓഗസ്റ്റ് 3 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷ എഴുതാനല്ലാതെ ജാമ്യ കാലയളവിൽ എറണാകുളം ജില്ലയിൽ പ്രവേശിക്കരുത്, 25000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയായിരുന്നു ഇടക്കാല ജാമ്യം.
പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ പി എം അർഷോയ്ക്ക് ഇല്ലെന്നും നിയമ വിരുദ്ധമായിട്ടാണ് ഹാൾ ടിക്കറ്റ് നൽകിയത് എന്നും എതിർഭാഗം വാദിച്ചിരുന്നുവെങ്കിലും ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറയുകയായിരുന്നു.
2018ൽ വിദ്യാർഥിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരമാണ് ഇക്കഴിഞ്ഞ ജൂണിൽ അർഷോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്‌തത്. ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. വിവിധ അക്രമ കേസുകളിൽ പ്രതിയായ അർഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
അർഷോയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയ വേളയിൽ കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തതുമായി ബന്ധപ്പെട്ട് പൊലീസിനെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. മറ്റൊരു കേസില്‍ അര്‍ഷോയ്ക്ക് അനുകൂലമായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ഷോ നല്‍കിയ ഹര്‍ജിയില്‍ ക്രിമിനല്‍ കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന തെറ്റായ റിപ്പോര്‍ട്ട് പൊലീസ് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.