കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അഭിമന്യു സ്മാരകമന്ദിരമായി നിർമ്മിക്കുന്ന സ്റ്റഡി സെന്ററിന്റെ ശിലാസ്ഥാപനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. എറണാകുളം കലൂരിൽ നടന്ന ചടങ്ങിൽ അഭിമന്യുവിന്റെ മാതാപിതാക്കളും സഹോദരനും പങ്കെടുത്തു. വേദിയിലെ അഭിമന്യുവിന്റെ ചിത്രത്തെ ചേർത്തുപിടിച്ച് വിതുമ്പൽ അടക്കാനാവാതെയാണ് അമ്മ ഭൂപതി ചടങ്ങിൽ പങ്കെടുത്തത്.
ആർഎസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ആർഎസ്എസിന്റെ മുസ്ലിം പതിപ്പാണ് എസ്ഡിപിഐ എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകത്തിൽ കെഎസ്‌യുവിന് പങ്കുണ്ടെന്നും കെഎസ്‌യു പ്രവർത്തകർ മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും മന്ത്രി എം എം മണി പറഞ്ഞു. അഭിമന്യുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജന്മനാടായ ഇടുക്കി വട്ടവടയിലും സംസ്ഥാനത്തിന്‍റെ വിവിധിയിടങ്ങളിലും നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.