എറണാകുളം: സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടുകൾ അനുകൂലമാക്കാനുള്ള അവസാന ഘട്ട പോരാട്ടത്തിലാണ് സ്ഥാനാർഥികൾ.
451 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മൊത്തം 98,57,208 വോട്ടര്‍മാര്‍ രണ്ടാം ഘട്ടത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. 47,28,489 പുരുഷ വോട്ടര്‍മാരും 51,28,361 സ്ത്രീ വോട്ടര്‍മാരും 93 ട്രാന്‍സ്‌ജെന്‍റര്‍മാരും 265 പ്രവാസി ഭാരതീയരുമാണ് വോട്ടര്‍പട്ടികയിലുള്ളത്. 57,895 കന്നിവോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.
12,643 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 473 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തി. ഡിസംബര്‍ 9 വൈകിട്ട് 3 മുതല്‍ ഡിസംബര്‍ 10ന് വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കും വരെ കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റെയിനില്‍ പ്രവേശിക്കുന്നവര്‍ക്കും പോളിങ് സ്‌റ്റേഷനില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. 350 ഗ്രാമപഞ്ചായത്തുകളിലെ 5846 വാര്‍ഡുകളിലേക്കും 58 ബ്ലോക്ക് പഞ്ചായത്തുകളിലെ 781 ഡിവിഷനുകളിലേക്കും 5 ജില്ലാ പഞ്ചായത്തുകളിലെ 124 ഡിവിഷനുകളിലാണ് ത്രിതല തെരഞ്ഞെടുപ്പ്. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളിലെ 128 വാര്‍ഡുകളിലേക്കും 36 മുന്‍സിപ്പാലിറ്റികളിലെ 1237 വാര്‍ഡുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
കോട്ടയത്ത് കേരള കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാന പ്രശ്നമാണ് തെരഞ്ഞെടുപ്പ്. രണ്ടില ചിഹ്നം തിരിച്ചുകിട്ടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ജോസ് വിഭാഗം. ജോസ് മുന്നണി മാറിയെങ്കിലും പാർട്ടി അണികൾ തങ്ങൾക്കൊപ്പമാണെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം.
മൂന്നാം തവണയും ഭരണതുടർച്ച സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് എറണാകുളത്ത്. കോർപ്പറേഷൻ ഭരണം കൈപിടിയിലാക്കാൻ എൽഡിഎഫ് കിണഞ്ഞ് പരിശ്രമിക്കുമ്പോൾ മത്സരരംഗത്ത് ബിജെപിയും ശക്തമായി നിലനിൽക്കുന്നു. ഇടതു മുന്നണികൾ മേൽകൈയുള്ള ജില്ലയാണ് പാലക്കാട്. തൃശൂരും പാലക്കാട്ടും ബിജെപിയും മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയിൽ യുഡിഎഫ് അനുകൂല സാഹചര്യമാണ് ഉള്ളത് എന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. അതേസമയം, ഇരുമുന്നണികളും വളരെ പ്രതീക്ഷ വെച്ച് പുലർത്തുന്ന ജില്ലയാണ് വയനാട്. വയനാട് ജില്ലാ പഞ്ചായത്തിന്‍റെ 16 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.