എറണാകുളം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ (School Mid Day Meal Scheme) കുടിശ്ശിക വരുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി (High Court again criticized government on school Mid Day Meal scheme). കേന്ദ്രവും സർക്കാരും തമ്മിലുള്ള പദ്ധതിയാണെങ്കിൽ പ്രധാനാധ്യാപകർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നതെന്നും കോടതി ആരാഞ്ഞു.
കേന്ദ്രം പണം നൽകുന്നില്ലെങ്കിൽ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേഴ്‌സ് സ്‌കീം എന്നാക്കൂ എന്നും കോടതി വിമർശന സ്വരത്തിൽ പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയില്‍ ഇടപെടലാവശ്യപ്പെട്ട് കെപിഎസ്‌ടിഎ നൽകിയ ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.
അതേസമയം ഉച്ചഭക്ഷണ വിതരണം നടക്കുന്നുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് ക്യത്യമായി നൽകാതെ വന്നതോടെ പ്രധാനാധ്യാപകർ സ്വന്തം കൈയ്യിൽ നിന്നും പണം എടുക്കേണ്ടി വന്നിരുന്നു. ഇത് പലരെയും കടക്കെണിയിലാക്കിയതിനെ തുടർന്നാണ് വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെപിഎസ്‌ടിഎ ഹൈക്കോടതിയെ സമീപിച്ചത്.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകർക്ക് കുടിശ്ശിക വരുത്തിയ സംഭവത്തില്‍ സംസ്ഥാന സർക്കാരിനെ നേരത്തെയും രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. കേന്ദ്രസർക്കാർ അധികഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ സ്‌കീം നിർത്തൂ എന്നാണ് കോടതി വ്യക്തമാക്കിയത്. ഒന്നുകിൽ ഉച്ച ഭക്ഷണ പദ്ധതിയുടെ തുക നൽകുന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. അല്ലെങ്കിൽ കേന്ദ്രസർക്കാർ ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നിൽക്കണമെന്നും സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് ടി ആർ രവി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ തുക നൽകില്ലെന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതി 2012ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രധാന അധ്യാപകർക്ക് മുൻകൂർ തുക നൽകണമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ ബജറ്റ് ചെയ്‌തിരിക്കുന്ന തുകയിൽ നിന്ന് ഇത് നൽകേണ്ടതാണെന്നും കോടതി അറിയിച്ചു.
എന്നാൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശിക തുകയുടെ ഭാഗമായി 55.16കോടി രൂപ നൽകാൻ ഉത്തരവിറക്കിയതായാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം അത്രയും തുക കൊണ്ട് നിലവിലെ കുടിശ്ശിക അടച്ച് തീർക്കാൻ സാധിക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കുടിശ്ശിക തീർക്കാൻ ആവശ്യമെങ്കിൽ കൂടുതൽ തുക നൽകണമെന്നും കോടതി പറഞ്ഞു.
READ ALSO: School Lunch Scheme |സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കേന്ദ്ര വിഹിതം വൈകിയതാണ് കുടിശ്ശിക വൈകാൻ കാരണമെന്ന് നേരത്തേ തന്നെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര വിഹിതമായ 132.9 കോടി രൂപ കേരളത്തിന് നേരത്തേ നൽകിയെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വാദം. അതേസമയം കുടിശ്ശിക തീർക്കുന്നത് അധ്യാപകരുടെ ബാധ്യതയല്ലെന്നും കോടതി സർക്കാരിനെ അറിയിച്ചു.