എറണാകുളം: സിറോ മലബാർ സഭാ സിനഡിനെതിരെ രൂക്ഷ വിമർശനവുമായി സേവ് അവർ സിസ്റ്റേഴ്സ് ഫോറം രംഗത്ത്. അപകീർത്തികരമായ പ്രസ്താവനയുടെ പേരിൽ സിനഡിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ഒഎസ് കൺവീനർ ഫെലിക്സ് ജെ പുല്ലൂടൻ ഇടിവി ഭാരതിനോട് പറഞ്ഞു. സേവ് അവർ സിസ്റ്റേഴ്സ് ഫോറം, സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയല്ല. സഭയുടെ സ്ത്രീവിരുദ്ധ നിലപാടാണ് സംഘടനക്കെതിരായ പ്രസ്‌താവന തെളിയിക്കുന്നത്. സ്ത്രീപക്ഷ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളിൽ മനംനൊന്ത മനുഷ്യാവകാശ പ്രവർത്തകർ ഒത്തുചേർന്ന് രൂപപ്പെട്ട മുന്നേറ്റമാണ് സേവ് അവർ സിസ്റ്റേർസ്. തുടക്കത്തിൽ ഫാ. അഗസ്റ്റിൻ വട്ടോലി അതിന്‍റെ കൺവീനർ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന് നിലവിലെ ഭരണ സമിതിയുമായി യാതൊരു ബന്ധവുമില്ല. ഫാ. അഗസ്റ്റിൻ വട്ടോലി ഈ സംഘടനയുടെ രക്ഷാധികാരിയല്ല. സംഘടനയിലെ അംഗങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തീവ്രവാദ സംഘടനകൾ, സഭാ വിരുദ്ധ പ്രവർത്തകർ, സാമൂഹ്യ വിരുദ്ധർ എന്ന പ്രയോഗം നടത്തിയത് തികച്ചും അപഹാസ്യമാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനകളുടെ കാര്യത്തിൽ ഒരു സഭയുടെ സിനഡിന് അഭിപ്രായം പറയാൻ അവകാശമില്ല. ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരെയും സാമൂഹ്യ പ്രവർത്തകരെയും അപലപിക്കുന്ന രീതി സിറോ മലബാർ സിനഡിന് ചേർന്നതല്ലെന്നും ഫെലിക്‌സ് ജെ പുല്ലൂടൻ പറഞ്ഞു.
സ്ത്രീ സുരക്ഷ കേരളത്തിലെ പൊതു സമൂഹത്തിന്‍റെ പ്രശ്‌നമാണ്. അതിൽ ജാതി മത വ്യത്യാസങ്ങളില്ല. ഇതിൽ പ്രവർത്തിക്കുന്നവർക്കെതിരെ സഭ നടപടി എടുക്കും എന്നു പറഞ്ഞത് സിറോ മലബാർ സഭയുടെ അറിവില്ലായ്‌മയാണെന്നും എസ്ഒഎസ് കൺവീനർ ഫെലിക്സ് ജെ പുല്ലൂടൻ പറഞ്ഞു.