എറണാകുളം: മുട്ടാർ പുഴയിൽ മുങ്ങി മരിച്ച 13കാരിയുടെ മരണത്തിൽ പ്രതിയായ പിതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് പ്രതിയായ പിതാവ് സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴിനൽകിയിരുന്നു.
മകളെ പുഴയിൽ തളളി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ മകളെ പുഴയിലേക്ക് തള്ളിയിട്ട ശേഷം ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ കാറുമായി സംഭവ സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താൻ ആത്മഹത്യ ചെയ്താൽ മകൾക്ക് ആരുമുണ്ടാകില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും സനു മോഹൻ മൊഴി നൽകി. അതേസമയം മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
കർണാടകയിലെ കാർവാറിൽ നിന്നും ഞായറാഴ്ച പുലർച്ചെ പിടികൂടിയ സനുമോഹനെ പൊലീസ് കൊച്ചിയിലെത്തിച്ചത് ഇന്ന് പുലർച്ചെ നാലര മണിയോടെയാണ്. മുട്ടാർ പുഴയിൽ 13കാരിയെ മരിച്ച നിലയിൽ കണ്ടെത്തി ഇരുപത്തിയേഴാം ദിവസമാണ് പ്രതിയായ പിതാവിനെ പൊലീസ് പിടികൂടിയത്. കുട്ടിയുടെ മരണത്തിനു പിന്നാലെയുള്ള സനു മോഹന്‍റെ തിരോധാനമാണ് സംഭവത്തിൽ ദുരൂഹതയ്ക്ക് കാരണമായത്. മൂകാംബികയിൽ നിന്നുള്ള പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചതോടെയാണ് പൊലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്.
കൂടുതൽ വായനക്ക്:13കാരിയുടെ മരണം കൊലപാതകമെന്ന് പിതാവ് സനു മോഹൻ