എറണാകുളം: 76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂര്‍ണമെന്‍റിനായുളള കേരള ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ കേരളം വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഗോള്‍കീപ്പർ മിഥുൻ വിയുടെ നേതൃത്വത്തിലുള്ള 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 16 പേരും പുതുമുഖങ്ങളാണ്.
കഴിഞ്ഞതവണ സന്തോഷ് ട്രോഫി നേടിയ ടീമിലെ മൂന്ന് പേർ മാത്രമാണ് ഇത്തവണത്തെ ടീമിലുള്ളത്. കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി താരങ്ങളിൽ ഭൂരിപക്ഷം പേരും ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങളിൽ കളിക്കുകയാണ്. ഇതോടെയാണ് കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചതെന്നും കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.അനില്‍കുമാര്‍ പറഞ്ഞു.
പുതുമുഖങ്ങളും സീനിയേഴ്‌സും അടങ്ങുന്ന നല്ലൊരു ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നായകൻ മിഥുൻ അഭിപ്രായപ്പെട്ടു. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. മിസോറാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രാഥമിക ഗ്രൂപ്പ് മത്സരത്തിൽ ശക്തമായ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മിഥുൻ കൂട്ടിച്ചേർത്തു.
തന്‍റെ എട്ടാം സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിലാണ് കേരളത്തെ നയിക്കാനുള്ള അവസരം മിഥുനിന് ലഭിക്കുന്നത്. 2017ലും 2022ലും കിരീടം നേടിയ ടീമിലെ അംഗമായിരുന്നു മിഥുൻ. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിലെ മൂന്ന് പേര്‍ (മിഥുന്‍, വിഗ്നേഷ് എം, നിജോ ഗില്‍ബെര്‍ട്ട്) മാത്രമാണ് ഇത്തവണ ടീമിലുള്ളത്.
എട്ടുപേര്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ വെള്ളി നേടിയ ടീമിലെ അംഗങ്ങളാണ്. ആറ് താരങ്ങള്‍ക്ക് മുമ്പ് സന്തോഷ് ട്രോഫി കളിച്ച പരിചയമുണ്ട്. കൊല്ലം സ്വദേശി പി.ബി രമേശാണ് മുഖ്യ പരിശീലകന്‍. മേഖല റൗണ്ട് മത്സരങ്ങള്‍ക്ക് പകരം ഇത്തവണ ആറ് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ട മത്സരങ്ങള്‍.
ഡല്‍ഹി, കോഴിക്കോട്, ഭുവനേശ്വര്‍ വേദികളിലാണ് ഗ്രൂപ്പ് ഘട്ട യോഗ്യത മത്സരങ്ങള്‍. ആറ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. മിസോറാം, രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രാപ്രദേശ്, ജമ്മു കാശ്‌മീര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം.
ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലാണ് കേരളത്തിന്‍റെ മത്സരങ്ങള്‍. ആദ്യ യോഗ്യത മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബിഹാറാണ് കേരളത്തിന്‍റെ എതിരാളികള്‍. പുതുവത്സര ദിനത്തിലും കേരള ടീമിന് മത്സരമുണ്ട്. ആന്ധ്രപ്രദേശാണ് എതിരാളി.
ജനുവരി അഞ്ചിന് ജമ്മു കശ്‌മീരിനെയും കേരളം നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജനുവരി എട്ടിനാണ്. മിസോറാമാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുകയാണ് ടീമിന്‍റെ ലക്ഷ്യം. രാംകോ സിമന്‍റാണ് ഇത്തവണയും ടീമിന്‍റെ സ്‌പോണ്‍സര്‍.