എറണാകുളം: ഇഡി സ്വത്ത് കണ്ട് കെട്ടൽ നടപടി ചോദ്യം ചെയ്‌തുള്ള സാന്‍റിയാഗോ മാർട്ടിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി (Santiago Martins Appeal). ഇഡി നടപടിയ്ക്കെതിരായ ഹർജി നേരത്തെ സിംഗിൾ ബഞ്ചും തള്ളിയിരുന്നു. പരാതി പരിഹാരത്തിന് പിഎംഎൽഎ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റിയെ സമീപിക്കാനായിരുന്നു സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്. ഈ ഉത്തരവ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചും ശരി വച്ചു.
910 കോടിയുടെ സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടി ചോദ്യം ചെയ്‌തായിരുന്നു സാന്‍റിയാഗോ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള നടപടി ചോദ്യം ചെയ്യാൻ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി, ട്രൈബ്യൂണൽ അടക്കം ത്രിതല സംവിധാനമുണ്ടെന്നും ഇത് മറികടന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതെന്നുമുള്ള ഇഡി വാദം കണക്കിലെടുത്താണ് കോടതി അപ്പീൽ തള്ളിയത്.
ഹർജിക്കാരനോട് പിഎംഎൽഎ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റിക്ക് മുൻപിൽ ഹാജരായി വിശദീകരണം നൽകാൻ നേരത്തെ സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിരുന്നു. ഈ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. വിൽക്കാത്ത ലോട്ടറി ടിക്കറ്റുകൾ വിറ്റുവെന്ന് ചൂണ്ടിക്കാട്ടി നികുതി വെട്ടിപ്പ് നടത്തി കോടികളുടെ ക്രമക്കേട് സാന്‍റിയാഗോ മാർട്ടിൻ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. രാജ്യ വ്യാപകമായി 2016 മുതൽ 2023 വരെയുള്ള കാലയളവിലാണ് സ്വത്ത് കണ്ട് കെട്ടിയത്.
രാജ്യത്തെ വിവിധ കേസുകളിൽ ഇഡി കൊച്ചി യൂണിറ്റാണ് കണ്ട് കെട്ടൽ നടപടി ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലായിരുന്നു സാന്‍റിയാഗോ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണവുമായി പൊലീസ് (Karuvannur Bank fraud case). സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ പരാതിയിലാണ് പൊലീസ് പ്രാഥമിക പരിശോധന ആരംഭിച്ചത്.
എറണാകുളം സെൻട്രൽ പൊലീസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി വിവരങ്ങൾ തേടിയിട്ടുണ്ട്. കേസുമായ് ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി പി ആർ അരവിന്ദാക്ഷൻ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു.
പല തവണ മൊഴിയെടുക്കാൻ തന്നെ ഇഡി വിളിപ്പിച്ചിരുന്നെന്നും അന്വേഷണവുമായി സഹകരിച്ച തന്നെ കഴിഞ്ഞ ദിവസം അവർ പറയുന്നതിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാത്തതിന്‍റെ പേരിൽ മർദിക്കുകയായിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ഇതേ തുടർന്ന് താൻ ചികിത്സ തേടിയതായും തന്നെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. മർദിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പടെ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
ഇതേ തുടർന്നാണ് എഫ്ഐആർ റജിസ്‌റ്റർ ചെയ്യുന്നതിന്‍റെ മുന്നോടിയായി ഇഡി ഓഫിസിലെത്തി പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്.